എറണാകുളം:സംസ്ഥാനത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായി തുടങ്ങി. റിലയന്‍സ് ജിയോയുടെ 5ജി സേവനം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇന്ന് വൈകിട്ട് 5.30 ന് പനമ്പിള്ളി നഗര്‍ ഹോട്ടല്‍ അവന്യൂ സെന്‍ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓണ്‍ലൈനായി ഉദ്‌ഘാടനം നിര്‍വഹിച്ചു.
ഫൈവ് ജി സേവനം സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ വലിയ മാറ്റത്തിന് സഹായകമാകുമെന്നും വിദ്യാഭ്യാസം, ഐടി, വ്യവസായ മേഖലകളിൽ വളർച്ചയ്ക്ക് ഊർജം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ കൊച്ചിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തുമാണ് ഫൈവ് ജി സേവനം ലഭ്യമാക്കി തുടങ്ങിയത്.
ഡിസംബർ 22 മുതൽ തിരുവനന്തപുരത്തും സേവനം ലഭ്യമാകും. ജനുവരിയിൽ തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ ഫൈവ് ജി ലഭിക്കുമെന്നും ജിയോ അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകളിലടക്കം 5ജി വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് ബന്ധപ്പെട്ടവർ വിശദീകരിച്ചു. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് രാജ്യത്ത് ആദ്യമായി ഫൈവ് ജി സേവനം ആരംഭിച്ചത്.