എറണാകുളം: സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലെ നഗരങ്ങളിലേയ്ക്കുമുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് സിയാൽ (New Domestic flight service ). കൊച്ചിയിൽ നിന്ന് കണ്ണൂർ, മൈസൂർ, തിരുച്ചി എന്നിവിടങ്ങളിലേക്ക് അലയൻസ് എയറാണ് ജനുവരി അവസാനത്തോടെ സർവീസുകൾ തുടങ്ങുക. ഇതിനായി അലയൻസ് എയറിന്‍റെ എ.ടി.ആർ വിമാനത്തിന് രാത്രി പാർക്കിങ്ങിനുള്ള സൗകര്യവും സിയാൽ ഒരുക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്കും, മൈസൂരിലേക്കും, തിരുച്ചിയിലേയ്ക്കും മൈസൂർ വഴി തിരുപ്പതിയിലേക്കുമാണ് പുതുതായി സർവീസുകൾ തുടങ്ങുന്നത്.
നിലവിൽ അലയൻസ് എയർ കൊച്ചിയിൽ നിന്ന് അഗത്തി, സേലം, ബാംഗ്ലൂർ എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ പ്രാദേശിക യാത്ര സൗകര്യമാണ് വിപുലമാകുന്നത്. കാലത്തിന് അനുസരിച്ചുള്ള ഈ മാറ്റം സിയാലിന്‍റെ വളർച്ചയിലും നിർണ്ണായകമായി മാറും. പ്രാദേശിക വിമാന കണക്‌ടിവിറ്റി വർധിപ്പിക്കുക എന്ന സംസ്ഥാന സർക്കാരിന്‍റെ ആശയം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്‌ടർ എസ് സുഹാസ് ഐഎഎസ് പറഞ്ഞു.
' സിയാൽ ഭാവി പദ്ധതികളെക്കുറിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പുതിയ റൂട്ടുകളിലേയ്ക്ക് സർവീസുകൾ ആരംഭിക്കുകയാണ് അതിൽ പ്രധാനം. യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് സിയാലിന്‍റെ പ്രതീക്ഷ. വൈകാതെ ചില ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലേയ്ക്കും പുതിയ സർവീസുകൾ ആരംഭിക്കുമെന്നും സുഹാസ് കൂട്ടി ചേർത്തു. കണ്ണൂരിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും നിലവിൽ ഇൻഡിഗോ എയർലൈൻ പ്രാദേശിക സർവീസുകൾ നടത്തുന്നുണ്ട്. അതിനുപുറമെയാണ് അലയൻസ് എയർ സർവീസ് തുടങ്ങുന്നത്.
2023-ൽ ഒരു കോടിയിലേറെ യാത്രക്കാർ ഉപയോഗിച്ച വിമാനത്താവളം എന്ന നിലയിൽ സിയാൽ റെക്കോഡ് സൃഷ്‌ടിച്ചിരുന്നു. ഈ നേട്ടം കൈവരിച്ച കേരളത്തിലെ ഒരേയൊരു വിമാനത്താവളവും ദക്ഷിണേന്ത്യയിലെ നാലാമത്തെ വിമാനത്താവളവുമാണ് സിയാൽ. നിലവിലുള്ള ശീതകാല സമയക്രമം അനുസരിച്ച് ആഴ്‌ചയിൽ 1360 ആഭ്യന്തര, രാജ്യാന്തര മേഖലകളിലെ 40 ലേറെ നഗരങ്ങളിലേയ്ക്ക് സർവീസുകൾ സിയാൽ നടത്തുന്നുണ്ട്. ഭാവിയിലെ വളർച്ച മുന്നിൽ കണ്ട്, രാജ്യാന്തര ടെർമിനൽ വികസനം ഉൾപ്പെടെ ഏഴ് വൻ പദ്ധതികൾക്ക് സിയാൽ അടുത്തിടെ തുടക്കം കുറിച്ചിരുന്നു.