എറണാകുളം : ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ കൊച്ചിയിൽ പ്രവർത്തനം തുടങ്ങുന്നു.സ്വകാര്യ/ചാർട്ടർ വിമാനങ്ങൾക്കായുള്ള കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 30 കോടി രൂപ മുടക്കി പത്ത് മാസത്തിനുള്ളിലാണ് ഈ ടെർമിനൽ സിയാൽ പൂർത്തീകരിച്ചത്.
40,000 ചതുരശ്രയടി വിസ്‌തീർണമുള്ള, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്. അന്താരാഷ്‌ട്ര, ആഭ്യന്തര ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാർട്ടർ ഗേറ്റ്‌വേ പ്രവർത്തിക്കും. ബിസിനസ് ജെറ്റ് ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ, രാജ്യത്ത് സ്വകാര്യ ജെറ്റ് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്ന നാല് വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറും.
ബിസിനസ് ജെറ്റ് ടെര്‍മിനല്‍ സ്വകാര്യ കാർ പാർക്കിങ് ഇടം, ഡ്രൈവ്-ഇൻ പോർച്ച്, അഞ്ച് ലോഞ്ചുകൾ, ബിസിനസ് സെന്‍റര്‍, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിൻ എക്‌സ്‌ചേഞ്ച് കൗണ്ടർ, അത്യാധുനിക വീഡിയോ കോൺഫറൻസിങ് സംവിധാനം എന്നിവയും ഗേറ്റ്‌വേയുടെ സവിശേഷതകളാണ്. ഇതിനുപുറമെ, അതി സുരക്ഷ ആവശ്യമുള്ള വിഐപി അതിഥികൾക്കായി ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടി, പരമാവധി ചെലവ് കുറച്ച് പണി കഴിപ്പിച്ചിട്ടുള്ളതിനാൽ, താരതമ്യേന കുറഞ്ഞ ചെലവിൽ ബിസിനസ് ജെറ്റ് യാത്രകൾ ഒരുക്കുക എന്ന ആശയം ടെർമിനലിന്‍റെ ഉദ്‌ഘാടനത്തോടെ സാക്ഷാത്കരിക്കപ്പെടുകയാണ്.
വ്യോമയാന മേഖലയുടെ ഭാവി മുന്നിൽ കണ്ട്, നിരവധി പദ്ധതികൾ സിയാൽ ആസൂത്രണം ചെയ്‌തിട്ടുണ്ട്. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും വിജയകരമായി നടപ്പിലാക്കാനുമുള്ള സിയാലിന്‍റെ വികസന നയത്തിന്‍റെ ഭാഗമായാണ് ബിസിനസ് ജെറ്റ് ടെർമിനൽ നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ ഉൾപ്പടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.