ഇസ്‌ലാമബാദ് :വിദേശനാണ്യ പ്രതിസന്ധിയില്‍ ഉഴലുന്ന പാകിസ്ഥാന് നേരിയ ആശ്വാസമായി തങ്ങളുടെ പക്കലുള്ള കഴുതകള്‍. പാകിസ്ഥാനെ കഴുതകള്‍ക്കായി സമീപിച്ചിരിക്കുകയാണ് ചൈന. ആവശ്യത്തിലേറെ കഴുതകളുള്ള രാജ്യമായത് കൊണ്ട് തന്നെ ഇവയെ കയറ്റുമതി ചെയ്‌ത് വിദേശനാണ്യം നേടാമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കഴുതകളുള്ള മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാന്‍. 57 ലക്ഷം കഴുതകളാണ് രാജ്യത്തുള്ളത്. ഇറച്ചിക്കായി തങ്ങള്‍ക്ക് കഴുതകളെയും നായ്‌ക്കളെയും ആവശ്യമുണ്ടെന്ന് പാകിസ്ഥാനിലെ ചൈനീസ് അംബാസഡറാണ് സര്‍ക്കാരിനെ അറിയിച്ചത്.
ചൈന വലിയ ഇറച്ചി വിപണിയാണെന്നും ഇത് ഉപയോഗപ്പെടുത്തണമെന്നും പാകിസ്ഥാന്‍ വാണിജ്യകാര്യ മന്ത്രാലയം ഉപരിസഭയായ സെനറ്റിന്‍റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചു. അഫ്‌ഗാനിസ്ഥാനിലെ കഴുതകളെയും ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശം ഒരു സെനറ്റര്‍ മുന്നോട്ടുവച്ചു.
അഫ്‌ഗാനിസ്ഥാനിലെ കഴുതകള്‍ക്ക് വില കുറവെന്നും അതുകൊണ്ട് അവയെ പാകിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്‌ത് പിന്നീട് ചൈനയിലേക്ക് കയറ്റുമതി ചെയ്യണമെന്ന നിര്‍ദേശമാണ് സെനറ്റര്‍ മുഹമ്മദ് മുന്നോട്ടുവച്ചത്.
എന്നാല്‍ ഇത് തത്‌കാലത്തേക്ക് നടക്കില്ലെന്ന് വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചര്‍മ്മമുഴ രോഗം കാരണം അഫ്‌ഗാനിസ്ഥാനില്‍ നിന്ന് കഴുതകള്‍ അടക്കമുള്ള മൃഗങ്ങളെ ഇറക്കുമതിചെയ്യുന്നത് താത്‌കാലികമായി നിരോധിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അടവ് ശിഷ്‌ട പ്രതിസന്ധി :വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് പാകിസ്ഥാന്‍. അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് പോലും വിദേശനാണ്യമില്ലാതെ ഉഴലുകയാണ് രാജ്യം. ഐഎംഎഫില്‍ നിന്നുള്ള നിരന്തര വായ്‌പയാണ് ഈ പ്രതിസന്ധി മറികടക്കാന്‍ പാകിസ്ഥാന്‍ സ്വീകരിച്ച മാര്‍ഗം. കഴിഞ്ഞ ഓഗസ്റ്റ് 29ന് 110 കോടി അമേരിക്കന്‍ ഡോളര്‍ കടമായി ഐഎംഎഫ് പാകിസ്ഥാന് കൈമാറിയിരുന്നു.
കഴിഞ്ഞ 75 വര്‍ഷകാലത്തെ ചരിത്രത്തില്‍ 23 തവണയാണ് ഐഎംഎഫില്‍ നിന്ന് പാകിസ്ഥാന്‍ വായ്‌പ സ്വീകരിച്ചത്. നിരന്തരമായ അടവ് ശിഷ്‌ട പ്രതിസന്ധി (Balance of Payment Crisis) നേരിടുന്ന രാജ്യങ്ങളില്‍ ഒന്നാണ് പാകിസ്ഥാന്‍. കഴുതകളെയും നായ്‌ക്കളെയും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത് കൊണ്ട് ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കില്ലെങ്കിലും കുറച്ച് വിദേശനാണ്യം ഇതിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍ അധികൃതര്‍.
കഴുതയുടെ തോലും ചൈനയ്‌ക്ക് പ്രിയം: ഇറച്ചി കൂടാതെ ചൈനയ്‌ക്ക് കഴുതകളോടുള്ള താല്‍പര്യത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. കഴുതകളുടെ തോല്‍ ഉപയോഗിച്ചാണ് ചൈനയുടെ പരമ്പരാഗത ഔഷധമായ ഇജാഒ (Ejiao) നിര്‍മിക്കുന്നത്. ചൈനീസ് പാരമ്പര്യ വൈദ്യമനുസരിച്ച് കഴുതയുടെ തോലിന്‍റെ പശയ്ക്ക് ഔഷധ ഗുണമുള്ളതായാണ് കണക്കാക്കുന്നത്. രക്തചംക്രമണം ശക്തിപ്പെടുത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കഴുതയുടെ തോല്‍ പശയ്‌ക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍ 3,000 ഏക്കറില്‍ കഴുത ഫാം തുടങ്ങിയിരുന്നു. അമേരിക്കന്‍ അടക്കമുള്ള മികച്ച ഇനം കഴുതകളെയാണ് ഇവിടെ ബ്രീഡ് ചെയ്യുന്നതെന്നാണ് പഞ്ചാബ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. ചൈനയടക്കമുള്ള രാജ്യങ്ങളിലേക്ക് കഴുതകളെ കയറ്റുമതി ചെയ്‌ത് വിദേശനാണ്യ ദാരിദ്ര്യത്തില്‍ നിന്ന് അല്‍പം ശമനം എന്നത് തന്നെയായിരുന്നു ലക്ഷ്യം.
നൈജര്‍, ബുര്‍ക്കിനഫാസോ എന്നീ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു ചൈന കഴുതകളെ വന്‍തോതില്‍ ഇറക്കുമതി ചെയ്‌തിരുന്നത്. എന്നാല്‍ ഈ രാജ്യങ്ങള്‍ കഴുതകളെ കയറ്റി അയയ്ക്കുന്നത് നിരോധിച്ചതാണ് കഴുതകള്‍ക്കായി ചൈന പാകിസ്ഥാനെ സമീപിക്കാനുണ്ടായ സാഹചര്യം. ചൈനയ്‌ക്ക് ആവശ്യമായ കഴുതകളെ ലഭ്യമാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍ അധികൃതർ.