ന്യൂഡല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും അറസ്‌റ്റില്‍. വീഡിയോകോണ്‍ ഗ്രൂപ്പ് കമ്പനിയ്‌ക്ക് ബാങ്ക് അനുവദിച്ച വായ്‌പയില്‍ തട്ടിപ്പും ക്രമക്കേടും കാണിച്ചുവെന്ന് ആരോപിച്ചാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്. സിബിഐയുടെ ആസ്ഥാനത്ത് ഇരുവരെയും വിളിച്ച് ചോദ്യം ചെയ്‌തതിന് ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
അന്വേഷണവുമായി ഇരുവരും സഹകരിക്കുന്നില്ലെന്നും പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുകയാണെന്നും സിബിഐ പറഞ്ഞു. ഇരുവരെയും ഇന്ന് സിബിഐയുടെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. മെഡിക്കല്‍ പരിശോധനയ്‌ക്ക് ശേഷം ഏജന്‍സിയുടെ തലസ്ഥാനത്തെ ഗ്രൗണ്ട് ഫ്ലോറിലെ വിവിധ ലോക്കപ്പുകളില്‍ പ്രവേശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും:വീഡിയോകോണ്‍ ഗ്രൂപ്പിന്‍റെ വേണുഗോപാല്‍ ദൂത് ഉള്‍പ്പെട്ട കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഏജന്‍സി. 2019ലെ അഴിമതി നിരോധന നിയമപ്രകാരവും ഐപിസിയിലെ ക്രമിനല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വീഡിയോകോണ്‍ ഗ്രൂപ്പിന്‍റെ കമ്പനികള്‍ക്ക് ഐ.സി.ഐ.സി.ഐ ബാങ്ക് 3,250 കോടി രൂപയുടെ വായ്‌പ അനുവദിച്ചിരുന്നു. ക്വിഡ് പ്രോക്കോയുടെ ഭാഗമായി, സുപ്രീം എനർജി പ്രൈവറ്റ് ലിമിറ്റഡ് വഴി ധൂത് ന്യൂപവർ റിന്യൂവബിൾസിൽ 64 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നും 2010നും 2012 നുമിടയിൽ സർക്യൂട്ട് റൂട്ടിലൂടെ ദീപക് കൊച്ചാറിന്‍റെ നിയന്ത്രണത്തിലുള്ള പിനാക്കിൾ എനർജി ട്രസ്റ്റിന് സുപ്രീം എനർജി പ്രൈവറ്റ് ലിമിറ്റഡ് പണം കൈമാറിയെന്നും എഫ്ഐആറില്‍ പറയുന്നു.