ഹൈദരാബാദ്:ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന പോളിസി ഉടമ-സൗഹൃദ സേവനങ്ങളില്‍ ഒന്നാണ് ക്യാഷ്‌ലസ് ക്ലെയിം ആരോഗ്യ ഇന്‍ഷൂറന്‍സ്. ഇത്തരം പോളിസികള്‍ ഉണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിച്ച ആശുപത്രികളിലെ ചികിത്സയ്‌ക്ക് നിങ്ങള്‍ പണം അടയ്‌ക്കേണ്ട ആവശ്യമില്ല. ചികിത്സ പണം ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് ആശുപത്രിയില്‍ അടയ്‌ക്കും.
പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്‌ക്ക് പണം കണ്ടെത്തുന്നതിനായി നമ്മളില്‍ പലരും കഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിനൊരു പരിഹാരമാണ് ക്യാഷ്‌ലസ് ക്ലെയിമുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍. എന്നാല്‍ ക്യാഷ്‌ലസ് ക്ലെയിമില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പല നിബന്ധനകളും വയ്ക്കാറുണ്ട്. ഇതിനെ കുറിച്ച് ഒരു പോളിസി ഉടമ വ്യക്തമായി മനസിലാക്കിയിരിക്കണം.
ആരോഗ്യ ഇന്‍ഷുറന്‍സില്‍ പലപ്പോഴും നടക്കുന്ന കാര്യമാണ് ഭാഗിക ക്ലെയിം സെറ്റില്‍മെന്‍റ്. ഭാഗിക ക്ലെയിം സെറ്റില്‍മെന്‍റ് പ്രകാരം ഇന്‍ഷുറന്‍സ് കമ്പനി മുന്‍ തീരുമാനിക്കപ്പെട്ട ഒരു നിശ്ചിത തുക ചികിത്സയ്‌ക്ക് അടയ്‌ക്കുന്നു. എന്നാല്‍ അനുബന്ധചികിത്സ വേണ്ടിവന്നാല്‍ പോളിസി ഉടമ അതിന് വരുന്ന ചെലവ് ആദ്യം അടയ്‌ക്കുകയും പീന്നീട് ആ തുകയുടെ ക്ലെയിമിനായി അപേക്ഷിക്കുകയും ചെയ്യണം.
ക്ലെയിമിനായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മറ്റൊരു നിബന്ധന ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിച്ച ചില ആശുപത്രികളിലെ ചികിത്സയ്‌ക്ക് മാത്രമെ ക്യാഷ്‌ലസ് ക്ലെയിം ലഭിക്കുകയുള്ളൂ എന്നുള്ളതാണ്. ചില അടിയന്തരഘട്ടങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിച്ച ആശുപത്രി ശൃംഖലയ്‌ക്ക് പുറത്തുള്ള ഏതെങ്കിലും ഒരു ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ അതിന്‍റെ ചെലവ് ആദ്യം പോളിസി ഉടമ വഹിക്കേണ്ടിവരും. പീന്നീട് ആവശ്യമായ ക്ലിനിക്കല്‍ രേഖകള്‍ ആശുപത്രി ബില്ലുകള്‍ എന്നിവയോടൊപ്പം ക്ലെയിം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഈ ഒരു സാഹചര്യത്തില്‍ ക്യാഷ്‌ലസ് ക്ലെയിമിനായി ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിച്ച ആശുപത്രികള്‍ ഏതൊക്കെയാണെന്ന് കൃത്യമായി മനസിലാക്കണം.