തിരുവനന്തപുരം: സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നത് പന്നി വളര്‍ത്തല്‍ വ്യവസായത്തെ തകിടം മറിക്കുന്നു. പന്നികളില്‍ മാത്രം കണ്ടുവരുന്ന ഈ രോഗം മനുഷ്യരിലേക്ക് പകരില്ല. എന്നാല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത് പന്നികളെ കൊന്നൊടുക്കാന്‍ തുടങ്ങിയതോടെ പന്നിയിറച്ചിക്കും ആവശ്യക്കാരില്ലാതായത് വ്യവസായത്തിന് വന്‍ തിരിച്ചടിയായി.
അസ്‌ഫാര്‍ വൈറിഡെ എന്ന ഡി.എൻ.എ വൈറസ് കുടുംബത്തിലെ ആഫ്രിക്കൻ സ്വൈൻ ഫീവർ വൈറസുകളാണ് പന്നിപ്പനിക്ക് കാരണം. വളർത്തുപന്നികളെ മാത്രമല്ല കാട്ടുപന്നികളെയും മുള്ളൻപന്നികളെയുമെല്ലാം ഈ വൈറസ് ബാധിക്കാം നാടൻ പന്നികളിലും സങ്കരയിനത്തിൽപ്പെട്ട പന്നികളിലുമാണ് രോഗസാധ്യത കൂടുതല്‍. ഇതാണ് പന്നിവളര്‍ത്തലിനെ പ്രതികൂലമായി ബാധിക്കുന്നത്.
രോഗ ബാധിതരായ പന്നികളുമായുണ്ടാകുന്ന സമ്പര്‍ക്കം രോഗം പകരാനുള്ള സാധ്യത കൂടുതലാക്കുന്നു. എന്നാല്‍ പന്നികളുടെ വിസര്‍ജ്യങ്ങളിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. പന്നികളില്‍ വൈറസ് ബാധയുണ്ടെങ്കില്‍ നിരവധി രോഗ ലക്ഷണങ്ങള്‍ പ്രകടമാവും. ശക്തമായ പനി, ശ്വാസതടസം, തീറ്റ മടുപ്പ്, ശരീര തളർച്ച, തൊലിപ്പുറത്ത് രക്ത വാർച്ച, ചെവിയിലും വയറിന്‍റെ അടിഭാഗത്തും കാലുകളിലും ചുവന്ന പാടുകൾ, വയറിളക്കം, ഛർദ്ദി, ഗർഭിണികളായ പന്നികളില്‍ ഗര്‍ഭം അലസല്‍, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
വൈറസ് ബാധിച്ചാല്‍ ഇവയുടെ ആന്തരാവയവങ്ങളില്‍ രക്തസ്രാവമുണ്ടാകും അതുക്കൊണ്ട് തന്നെ രോഗം ബാധിച്ച് രണ്ടാഴ്‌ചക്കുള്ളില്‍ അവ ചാവുകയും ചെയ്യും. അതിവേഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ ഒരു പന്നി ഫാമിൽ രോഗബാധയുണ്ടായാൽ അവിടെയുള്ള മുഴുവൻ പന്നികളെയും കൊന്നൊടുക്കാതെ മറ്റൊരു പ്രതിരോധ മാർഗവുമില്ല. ഇതോടെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാകും ഉണ്ടാവുക.
രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗബാധയുടെ സാഹചര്യത്തിൽ മറ്റ് ഫാമുകളിൽനിന്ന് പന്നികളെയും പന്നിക്കുഞ്ഞുങ്ങളെയും വാങ്ങുന്നത് താൽകാലികമായി ഒഴിവാക്കണമെന്ന് കർഷകർക്ക് മൃഗ സംരക്ഷണ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്ന് പുതുതായി പന്നികളെ കൊണ്ടുവന്നാൽ മൂന്നാഴ്‌ചയെങ്കിലും പ്രത്യേകം മാറ്റി പാർപ്പിച്ച് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ് രോഗബാധ ആദ്യം സ്ഥിരീകരിച്ചത്.
ഇതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പന്നികളെ കൊണ്ട് വരുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ലംഘിച്ച് മറ്റിടങ്ങളില്‍ നിന്നെത്തിച്ച പന്നികളില്‍ നിന്നാണ് രോഗ ബാധയുണ്ടായതെന്നാണ് നിലവില്‍ സംശയിക്കുന്നത്.
also read:ആഫ്രിക്കന്‍ പന്നിപ്പനി: തവിഞ്ഞാലില്‍ പന്നികളെ ദയാവധം ചെയ്‌തു, മൂന്നാംഘട്ട നടപടികള്‍ ഉടൻ