ന്യൂഡല്‍ഹി:കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ സാധ്യതകള്‍. ഐടി സഹായത്തോടെ സ്‌റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കും. കാർഷിക സ്റ്റാർട്ട് അപ്പുകളെ സഹായിക്കാൻ കാര്‍ഷിക ഉത്തേജക ഫണ്ട് (അഗ്രികള്‍ച്ചര്‍ ആക്‌സിലേറ്റര്‍ ഫണ്ട്) സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ടു മില്ലറ്റ് റിസർച്ചിനെ മികവിന്‍റെ കേന്ദ്രമായി പിന്തുണയ്‌ക്കും. ഇവയിലൂടെ കാര്‍ഷിക രംഗത്തെ ഗവേഷണവും, നവീകരണ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കും. ഗ്രീന്‍ ഗ്രോത്തിനും 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ധനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഇതിലൂടെ രാജ്യത്തെ ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതിദത്ത കൃഷി ചെയ്യാന്‍ സഹായം ലഭിക്കുമെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
കാർഷികോത്പന്നങ്ങള്‍ സംഭരിക്കാൻ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കുന്നുണ്ട്. കൂടാതെ ചെറുധാന്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. ചോളം, റാഗി, ചാമ, തിന തുടങ്ങിയ ഇനം ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കും. ഇന്ത്യയെ ചോളത്തിന്‍റെ ഹബ്ബാക്കി മാറ്റാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും നിർമല സീതാരാമൻ അറിയിച്ചു.