ഹൈദരാബാദ് : സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നവരിൽ ഏറെയും ആദ്യം ചിന്തിക്കുക ലോൺ എടുത്ത് തൽക്കാലത്തേക്ക് കാര്യങ്ങൾ നടത്താം എന്നാണ്. എന്നാൽ ബാങ്കുകളിൽ പോയാൽ മതിയായ രേഖകളില്ലാതെ ലോണ്‍ കിട്ടില്ല. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ഇന്‍സ്‌റ്റന്‍റ് ലോൺ ആപ്പുകൾ വലവിരിക്കുന്നത്.
രേഖകളൊന്നും ഇല്ലാതെ നിങ്ങളുടെ ആവശ്യങ്ങൾക്കുള്ള പണം തരാമെന്ന ഇന്‍സ്‌റ്റന്‍റ് ലോൺ ആപ്പുകളുടെ വാക്കുകളിൽ വീഴുന്നവർ നിരവധിയാണ്. എന്നാൽ വായ്‌പ തിരിച്ചടവ് ഒരു തവണ മുടങ്ങുമ്പോഴായിരിക്കും അവർ വിരിച്ച കെണി എന്താണെന്ന് മനസിലാവുക. ഇത്തരത്തിൽ കെണിയിൽ അകപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നവർ ഏറെയാണ്.
കൊവിഡ് കാലത്ത് മൈക്രോ ഫിനാൻസിങ് സ്ഥാപനങ്ങളുടെ തട്ടിപ്പിനിരയായി നിരവധിപ്പേർ ജീവനൊടുക്കിയ വാർത്തകൾ നമ്മൾ കണ്ടതാണ്. ജോലി നഷ്‌ടപ്പെട്ടവരും വിദ്യാർഥികളുമാണ് ഇവരുടെ പ്രധാന ഇരകൾ. ഇൻസ്‌റ്റന്‍റ് ലോണുകൾ എടുക്കുന്നതിന് മുൻപ് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.
ആർബിഐ അംഗീകാരം :രാജ്യത്ത് നിരവധി ഓൺലൈൻ ലോൺ ആപ്പുകളാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത്. അതിൽ പലതിനും ആർബിഐ ലൈസൻസ് പോലുമില്ല. നിങ്ങൾ ലോണെടുക്കാൻ തെരഞ്ഞെടുത്ത ആപ്പ് ആർബിഐ അംഗീകാരമുള്ളതാണോ വ്യാജമാണോ എന്ന് കൃത്യമായി പരിശോധിക്കണം.
റിസര്‍വ് ബാങ്കിന്‍റെ അംഗീകാരമുള്ള ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും മാത്രമേ വായ്‌പ ആപ്പുകളും ഓൺലൈൻ സേവനകളും ഉപയോഗിച്ച് പണം നൽകാനുള്ള അനുമതിയുള്ളൂ. ആര്‍ബിഐയുടെ വായ്‌പ നയങ്ങള്‍ അനുസരിച്ച് അംഗീകൃത വായ്‌പ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ നിയമാനുസൃത ബാങ്കിന്‍റെയും എന്‍ബിഎഫ്‌സി പങ്കാളികളുടെയും പേരുകള്‍ പരാമര്‍ശിക്കണം എന്നുണ്ട്. വായ്‌പ എടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കൃത്യമായി പരിശോധിക്കണം.