കേരളം

kerala

ETV Bharat / business

BCCI | സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെ വാര്‍ഷിക ശമ്പളം വര്‍ധിപ്പിച്ചേക്കും; ചീഫ് സെലക്‌ടറായി അജിത്ത് അഗാര്‍ക്കര്‍ എത്താന്‍ സാധ്യത

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെ പ്രതിവര്‍ഷ ശമ്പളം വര്‍ധിപ്പിച്ചേക്കും. പ്രമുഖ താരങ്ങളെ ചീഫ് സെലക്‌ടര്‍ സ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനായാണ് പ്രതിഫലം വര്‍ധിപ്പിക്കുന്നത്.

By

Published : Jul 1, 2023, 2:21 PM IST

BCCI  BCCI Selection Committee  bcci likely to hike selectors salary  Ajit Agarkar  indian cricket team  bcci chief selector  BCCI Selection Committee Salary  ബിസിസിഐ  ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി  ബിസിസിഐ ചീഫ് സെലക്‌ടര്‍  അജിത്ത് അഗാര്‍ക്കര്‍
BCCI

കൊല്‍ക്കത്ത:ബിസിസിഐ (BCCI) സെലക്‌ടര്‍മാരുടെ പ്രതിഫലം ഉയര്‍ത്താന്‍ സാധ്യത. നിലവില്‍ ചീഫ് സെലക്‌ടര്‍ക്ക് ഒരു കോടിയും സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ക്ക് 90 ലക്ഷവുമാണ് പ്രതിവര്‍ഷം പ്രതിഫലമായി ലഭിക്കുന്നത്. ഇത് വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ബിസിസിയുമായി അടുത്ത വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

നിലവിലെ പ്രതിഫലത്തോട് എത്ര രൂപയാണ് കൂട്ടുക എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഒഴിവുവന്ന ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ താരങ്ങള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെ പ്രതിഫലം ഉയര്‍ത്തുന്നത് എന്നാണ് സൂചന.

നിലവില്‍ ചേതന്‍ ശര്‍മയുടെ ഒഴിവിലേക്കാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ന്യൂസ് ചാനലിന്‍റെ സ്റ്റിങ് ഓപ്പറേഷനില്‍ കുരുങ്ങിയതിനെ തുടര്‍ന്നാണ് ചീഫ് സെലക്‌ടറായിരുന്ന ചേതന്‍ ശര്‍മയ്‌ക്ക് സ്ഥാനം ഒഴിയേണ്ടി വന്നത്. ചേതന്‍ ശര്‍മ സ്ഥാനമൊഴിഞ്ഞതു മുതല്‍ കമ്മിറ്റി അംഗം ശിവ്‌സുന്ദര്‍ ദാസ് ആയിരുന്നു കമ്മിറ്റിയെ താത്‌കാലികമായി നയിച്ചത്. സുബ്രതോ ബാനര്‍ജി, സലീല്‍ അങ്കോള, എസ് ശരത് എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് എന്നീ വലിയ ടൂര്‍ണമെന്‍റുകള്‍ വരാനിരിക്കെ ആയിരുന്നു സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവ് നികത്താന്‍ ബിസിസിഐ തീരുമാനിച്ചത്. ജൂണ്‍ 30നായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. പ്രതിഫലം കുറവായതിനാല്‍ ഈ സ്ഥാനത്തേക്ക് കൂടുതല്‍ അപേക്ഷകളൊന്നും ലഭിച്ചിരുന്നില്ല.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് അഗാര്‍ക്കര്‍...?ഇന്ത്യന്‍ മുന്‍ താരം അജിത്ത് അഗാര്‍ക്കര്‍ (Ajit Agarkar) സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഷിക ശമ്പളം ഉയര്‍ത്താമെന്ന വാഗ്‌ദാനം നല്‍കി ബിസിസിഐ അധികൃതര്‍ മുന്‍ താരത്തെ ബന്ധപ്പെട്ടിട്ടുണ്ടന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതോടെ, അജിത്ത് അഗാര്‍ക്കര്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന വിവരം.

നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ പ്രധാനിയും മുന്‍ ഇന്ത്യന്‍ താരമാണ്. അതേസമയം, വ്യാഴാഴ്‌ച ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സഹപരിശീലക സ്ഥാനവും അജിത്ത് അഗാര്‍ക്കര്‍ രാജിവച്ചിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ മുന്‍ താരം ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാകുമെന്ന അഭ്യൂഹങ്ങളും ശക്തമായത്.

നേരത്തെ, 2020ലും അജിത്ത് അഗാര്‍ക്കര്‍ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍, അന്ന് ഇന്ത്യന്‍ മുന്‍ താരത്തെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ വിരേന്ദര്‍ സെവാഗ് ഈ സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സെലക്ഷന്‍ കമ്മിറ്റി അംഗത്തിന്‍റെ ചുമതലകള്‍:ലോകകപ്പ്, ഏഷ്യ കപ്പ് തുടങ്ങിയ ടൂര്‍ണമെന്‍റുകള്‍ക്കും പരമ്പരകള്‍ക്കും സുതാര്യാമായി ദേശീയ സീനിയര്‍ ടീമിനെ തെരഞ്ഞെടുക്കുക. അടിയന്തര സാഹചര്യങ്ങളില്‍ ടീം മീറ്റിങ്ങുകളില്‍ പങ്കെടുക്കുക. ആഭ്യന്തര മത്സരങ്ങളും ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ മത്സരങ്ങളും കൃത്യമായി വീക്ഷിക്കണം. ഓരോ മൂന്ന് മാസത്തിലും ഇവയുടെ റിപ്പോര്‍ട്ട് ബിസിസിഐയ്‌ക്ക് കൈമാറണം എന്നിവയെല്ലാമാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ചുമതല.

Also Read :ബൈജൂസിന് പകരം ഡ്രീം ഇലവന്‍; പുതിയ സ്‌പോണ്‍സറെ പ്രഖ്യാപിച്ച് ബിസിസിഐ

ABOUT THE AUTHOR

...view details