സാൻ ഫ്രാൻസിസ്‌കോ: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആമസോൺ ഈയാഴ്ച കമ്പനിയിലുടനീളം ജോലികൾ വെട്ടിക്കുറക്കുന്നതായുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ചില ടീമുകളും പ്രോഗ്രാമുകളും ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി കമ്പനിയിലെ ചില റോളുകൾ ഒഴിവാക്കുന്നതായി ഹാർഡ്‌വെയർ മേധാവി ഡേവ് ലിംപ് കഴിഞ്ഞ ദിവസം തൊഴിലാളികളെ അറിയിച്ചിരുന്നു. നടപടി പ്രയോഗത്തിൽ വരുമ്പോൾ നിരവധി തൊഴിലാളികൾക്ക് ജോലി നഷ്‌ടമാകും.
കൂട്ടപ്പിരിച്ചുവിടൽ: നടപടി ആരംഭിച്ച് ആമസോൺ, ജോലി നഷ്‌ടമാകുക 10,000 ജീവനക്കാർക്ക്
ചില ടീമുകളും പ്രോഗ്രാമുകളും ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി കമ്പനിയിലെ ചില റോളുകൾ ഒഴിവാക്കുന്നതായി ആമസോൺ വക്താക്കൾ അറിയിച്ചു.
കോർപ്പറേറ്റ്, ടെക്‌നോളജി റോളുകളിലായി ഏകദേശം 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതേസമയം പുതിയ നടപടി ബാധിക്കപ്പെട്ട ജീവനക്കാരെ കമ്പനി അക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പുതിയ റോളുകൾ കണ്ടെത്തുന്നതിൽ അവരെ സഹായിക്കുമെന്നും ആമസോൺ അധികൃതർ അറിയിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ് നടക്കാൻ സാധ്യതയുളളത്.
വാർഷിക പ്രവർത്തന ആസൂത്രണ അവലോകന പ്രക്രിയയുടെ ഭാഗമായി, ചില റോളുകൾ ഇനി ആവശ്യമില്ലെന്ന് ആമസോണിന്‍റെ വക്താവ് കെല്ലി നാന്‍റൽ വ്യക്തമാക്കി. ജോലി നഷ്‌ടമാകുന്നവർക്ക് കമ്പനിക്കകത്ത് തന്നെ മറ്റൊരു റോൾ കണ്ടെത്തുന്നതിനോ അല്ലെങ്കിൽ കമ്പനി വിടുന്നതിനോ രണ്ട് മാസത്തെ സമയം അനുവദിച്ചുള്ളതായാണ് വിവരം. ആമസോണിനെ കൂടാതെ, യുഎസ് ടെക് ഭീമന്മാരായ മെറ്റയും ട്വിറ്ററും വലിയ തോതിലുള്ള പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.