ന്യൂഡല്‍ഹി :ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ മുഖം മിനുക്കി എയര്‍ ഇന്ത്യ. ഇന്നലെ (ഓഗസ്റ്റ് 10) എയര്‍ ഇന്ത്യയുടെ പുതിയ ലോഗോ പുറത്തിറക്കി. ദി വിസ്‌ത എന്ന പേരിലാണ് പുതിയ ലോഗോ പുറത്തിറക്കിയിരിക്കുന്നത്.
സുവര്‍ണ ഫ്രെയിമിനുള്ളിലെ ജനലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് പുതിയ ലോഗോ. സാധ്യതകളുടെ ജനലുകള്‍ എന്ന ആശയമാണ് ദി വിസ്‌ത പ്രതിനിധാനം ചെയ്യുന്നത്. സ്വര്‍ണനിറവും ചുവപ്പ്, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങളും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലണ്ടന്‍ ആസ്ഥാനമായ ബ്രാന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്‍ഡ് ആണ് പുതിയ ലോഗോ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. ഈ വര്‍ഷം ഡിസംബറില്‍ എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 സര്‍വീസ് ആരംഭിക്കുമ്പോഴാണ് പുതിയ ലോഗോ വിമാനങ്ങളില്‍ കാണാന്‍ കഴിയുക.
അതേസമയം എയര്‍ഇന്ത്യയുടെ മുഖചിത്രമായിരുന്ന മഹാരാജ ഇനി ലോഗോയില്‍ ഉണ്ടാകില്ല. മഹാരാജയെ മാറ്റങ്ങളോടെ എയര്‍ഇന്ത്യയുടെ മറ്റ് തലങ്ങളില്‍ ഉപയോഗിക്കുമെന്ന് കമ്പനി സിഇഒ അറിയിച്ചു.
നഷ്‌ടത്തിലായിരുന്ന എയര്‍ ഇന്ത്യയെ 2022 ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ 470 എയര്‍ബസ്, എയര്‍ക്രാഫ്റ്റ് വിമാനങ്ങള്‍ക്കായി 70 ബില്യണ്‍ ഡോളറിന്‍റെ കരാര്‍ നല്‍കിയിരുന്നു. ഈ വര്‍ഷം നവംബര്‍ മുതലാണ് പുതിയ വിമാനങ്ങള്‍ എത്തിത്തുടങ്ങുക.
എയര്‍ ഇന്ത്യയിലെ മാറ്റങ്ങളുടെ ഭാഗമായി ഈ വര്‍ഷം 20 വൈഡ് ബോഡി വിമാനങ്ങളാണ് വാങ്ങുകയും ലീസിന് എടുക്കുകയും ചെയ്‌തത്. 43 വൈഡ് ബോഡി വിമാനങ്ങളുടെ ഇന്‍റീരിയര്‍ പൂര്‍ണമായും നവീകരിക്കാനായി 400 മില്ല്യണ്‍ ഡോളര്‍ ചെലവിട്ടുകൊണ്ടുള്ള പ്രവൃത്തി അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കും.