ന്യൂഡല്‍ഹി:ആഭ്യന്തര റൂട്ടുകളിലെ വിമാനങ്ങള്‍ക്ക് പുതിയ ഇന്‍ ഫ്ലൈറ്റ് മെനു അവതരിപ്പിച്ച് ടാറ്റ എയര്‍ലൈന്‍സ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വിമാനങ്ങളാണ് ഉത്സവ സീസണ്‍ പ്രമാണിച്ച് പുതിയ മെനു അവതരിപ്പിച്ചത്. നഷ്‌ടത്തിലായ എയർലൈൻ സേവനങ്ങൾ നവീകരിക്കാനും, കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും അതിവേഗം വളരുന്ന ആഭ്യന്തര വ്യോമയാന മേഖലയിൽ മൊത്തത്തിലുള്ള വിപണി വിഹിതം വർധിപ്പിക്കാനുമാണ് കമ്പനി ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
രുചികരമായ ഭക്ഷണസാമഗ്രികള്‍, ട്രെൻഡിയായിട്ടുള്ള ലഘുഭക്ഷണങ്ങള്‍, മധുരപലഹാരങ്ങൾ എന്നിവയാണ് പുതിയ മെനുവില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതുവഴി ഇന്ത്യയുടെ തനതായ പ്രാദേശിക വിഭവങ്ങള്‍ പരിചയപ്പെടുത്തലുകൂടിയാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി പ്രസ്‌താവനയില്‍ അറിയിച്ചു. ഒക്‌ടോബർ ഒന്നിനാണ് കമ്പനി പുതിയ മെനു അവതരിപ്പിച്ചത്.