ന്യൂഡൽഹി: ഈ വർഷം ഏകദേശം 90 ലക്ഷം യൂണിറ്റ് എയര്‍ കണ്ടീഷണറുകളുടെ വില്‍പന നടന്നേക്കുമെന്ന് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ആൻഡ് അപ്ലയൻസസ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (CEAMA).ഏപ്രിലിൽ മാത്രം 17.5 ലക്ഷം യൂണിറ്റുകളുടെ വിൽപന നടന്നെന്നും എക്കാലത്തെയും ഉയർന്ന നിരക്കാണിതെന്നും അസോസിയേഷൻ പറയുന്നു.
അതേസമയം അടുത്ത രണ്ട് മാസങ്ങളിൽ ചില ഉത്പന്നങ്ങളുടെ ലഭ്യത നിര്‍മ്മാണത്തില്‍ പ്രശ്‌നമായേക്കാമെന്നും സി.ഇ.എ.എം.എ പ്രസിഡന്‍റ് എറിക് ബ്രാഗൻസ പറഞ്ഞു. കൺട്രോളറുകളും കംപ്രസ്സറുകളും പോലുള്ള ഘടകങ്ങളുടെ ഉയർന്ന ആവശ്യകതയും വിതരണ നിയന്ത്രണങ്ങളും കാരണം,നിർമാതാക്കൾക്ക് അവരുടെ മുഴുവൻ ശ്രേണിയിലുള്ള മോഡലുകളുടെയും, പ്രത്യേകിച്ച് ഫൈവ് സ്റ്റാർ ശ്രേണിയുടെയും മാർക്കറ്റ് ഡിമാൻഡ് നിറവേറ്റാൻ സാധിക്കില്ലെന്നതാണ് ഇതിനുകാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
കൊവിഡിന് മുമ്പുള്ള വിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏപ്രിലിലെ എയർ കണ്ടീഷനറുകളുടെ വിൽപനയിൽ അമ്പരപ്പിക്കുന്ന വളർച്ചയാണ് കാണിക്കുന്നത്. രാജ്യത്തുടനീളം തീവ്ര ഉഷ്‌ണതരംഗം രേഖപ്പെടുത്തുന്ന സമയത്തുതന്നെ വിപണി ആരംഭിച്ചതും ഈ വളർച്ചയ്‌ക്കുപിന്നിലെ ഘടകമാണ്. വേനൽച്ചൂട് ഈ നിലയിൽ തുടരുകയാണെങ്കിൽ മെയ്, ജൂൺ മാസങ്ങളിലും എയർ കണ്ടീഷനറുകളുടെ ഡിമാൻഡ് ഉയർന്നുതന്നെ നിൽക്കുെമെന്ന് ബ്രാഗൻസ കൂട്ടിച്ചേർത്തു.
വോൾട്ടാസ്, പാനസോണിക്, ഹിറ്റാച്ചി, എൽജി, ഹയെർ തുടങ്ങിയ നിർമാതാക്കളുൾപ്പടെ ഏപ്രിലിൽ റെക്കോർഡ് വിൽപന രേഖപ്പെടുത്തി. വേനൽക്കാലത്തെ കൊടും ചൂടും ആദ്യ നാല് മാസങ്ങളിലെ മികച്ച വിപണിയും കണക്കിലെടുക്കുമ്പോൾ, എയർ കണ്ടീഷനറുകളുടെ ഈ വർഷത്തെ ആകെ വിപണി ഏകദേശം 8.5 ദശലക്ഷത്തിനും 9 ദശലക്ഷത്തിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.