മുംബൈ : ഡിജിറ്റല്‍ പണമിടപാടുകള്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് റിസര്‍വ് ബാങ്ക്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനം അടിസ്ഥാനമാക്കി യുപിഐ പണമിടപാടുകള്‍ ശബ്ദ നിര്‍ദ്ദേശത്തിന്‍റെ സഹായത്തോടെ നടത്താനുള്ള സംവിധാനമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചുരുക്കത്തില്‍ ഇനി ഇടപാടുകള്‍ നടത്താന്‍ മൊബൈലില്‍ കുത്തിയിരുന്ന് ടൈപ്പ് ചെയ്യേണ്ടതില്ല പകരം എഐ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ആപ്പിന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയാല്‍ മാത്രം മതിയാവും.
രാജ്യത്തിന്‍റെ സാമ്പത്തിക നയം വിശദീകരിക്കവേ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസാണ് വിപ്ലവകരമായ മാറ്റത്തെക്കുറിച്ച് സൂചന നല്‍കിയത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും സുരക്ഷിതമായി ഇടപാടുകള്‍ നടത്താവുന്നതരത്തിലാണ് ഈ പുതിയ സംവിധാനം ആർബിഐ ഒരുക്കുന്നത്. പേമെന്‍റ് ആപ്പുകള്‍ ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകള്‍ താരതമ്യേന എളുപ്പവും സുരക്ഷിതവും ആയതിനാല്‍ യുപിഐ പേമെന്‍റുകള്‍ക്ക് രാജ്യത്ത് പ്രിയം ഏറി വരികയാണ്.
നിത്യവും ലക്ഷക്കണക്കിന് ആളുകളാണ് പണമിടപാടുകള്‍ക്കായി യുപിഐ ആപ്പുകളെ ഉപയോഗപ്പെടുത്തുന്നത്. ബാങ്കുകളെ ആശ്രയിക്കാതെ എപ്പോഴും എവിടെ വെച്ചും ആര്‍ക്കും പണം എളുപ്പത്തില്‍ കൈമാറാമെന്നതാണ് യുപിഐ സംവിധാനത്തിന്‍റെ സൗകര്യം. പേമെന്‍റ് ആപ്പ് തുറന്ന് പണമയക്കേണ്ടയാളുടെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് തുക രേഖപ്പെടുത്തിയ ശേഷം രഹസ്യ പിന്‍ നമ്പര്‍ കൂടി ടൈപ്പ് ചെയ്യുമ്പോഴാണ് നിലവില്‍ ഒരു യുപിഐ പേമെന്‍റ് പൂര്‍ത്തിയാവുന്നത്. അതല്ലെങ്കില്‍ ഏതെങ്കിലും ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്ത ശേഷം തുക പരിശോധിച്ച് പിന്‍ നമ്പര്‍ ടൈപ്പ് ചെയ്തും പണമിടപാട് നടത്താനാകും.
ഇത്തരത്തില്‍ ടൈപ്പ് ചെയ്യുന്നതിന് പകരം വാക്കാല്‍ നിര്‍ദ്ദേശം നല്‍കി പണമിടപാട് പൂര്‍ത്തിയാക്കുന്ന സംവിധാനമാണ് റിസര്‍വ്വ് ബാങ്ക് വികസിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കി പ്രവൃത്തിക്കുന്ന സാങ്കേതിക വിദ്യയാവും ഇത് യാഥാര്‍ത്ഥ്യമാക്കുക. ഉപഭോക്താക്കളുടെ സുരക്ഷിതത്വം പൂര്‍ണ്ണമായും ഉറപ്പു വരുത്തിക്കൊണ്ടാവും പുതിയ സംവിധാനം കൊണ്ടു വരികയെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.
ഈ നൂതന സംരംഭം സ്മാര്‍ട്ട് ഫോണുകളിലും യുപിഐ ആപ്പുകള്‍ പ്രവൃത്തിക്കുന്ന ഫോണുകളിലും ലഭ്യമാവും. തുടക്കത്തില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാവും ഈ സൗകര്യം ലഭ്യമാവുക. അധികം വൈകാതെ മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഈ സംവിധാനം ലഭ്യമാകും. നാഷണല്‍ പേമെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം വൈകാതെ നല്‍കുമെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.