ചര്‍ള (തെലങ്കാന): കൃഷിയിടങ്ങളില്‍ മരുന്നടിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്ന പ്രവണത അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. ചില കര്‍ഷകര്‍ ഇത്തരം ഉപകരണങ്ങള്‍ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുമ്പോള്‍, മറ്റുചിലര്‍ സ്വന്തമായി വാങ്ങുകയാണ് ചെയ്യുന്നത്. സാധാരണയായി കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നത് വാര്‍ത്തയാകാറില്ല. എന്നാല്‍ ഛത്തീസ്‌ഗഡിലെ ഒരു കര്‍ഷകന്‍ കൃഷിയിടത്തില്‍ മരുന്നടിയ്‌ക്കാനായി ഹെലികോപ്‌റ്റര്‍ വാങ്ങുന്നത് വാര്‍ത്തയായിരിക്കുകയാണ്. ഇയാള്‍ വാങ്ങാന്‍ പോകുന്ന ചോപ്പറിന്‍റെ വില തന്നെയാണ് സംഭവം വാര്‍ത്തയാകാന്‍ കാരണം.
ഏഴ് കോടി രൂപയുടെ ചോപ്പറാണ് തെലങ്കാനയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള കൊണ്ടഗാവ് ജില്ലയിലെ രാജാറാം ത്രിപാഠി എന്ന കര്‍ഷകന്‍ വാങ്ങുന്നത്. തന്‍റെ 1000 ഏക്കര്‍ കൃഷിയിടത്തിലെ ഉപയോഗത്തിനാണ് രാജാറാം ഹെലികോപ്‌റ്റര്‍ വാങ്ങുന്നത്. ഹോളണ്ടിലെ റോബിൻസൺ കമ്പനിയുടെ R-44 മോഡൽ (നാല് സീറ്റ്) ഹെലികോപ്റ്ററാണ് ഇദ്ദേഹം ബുക്ക് ചെയ്‌തിരിക്കുന്നത്. കീടനാശിനികൾ തളിക്കുന്നതിനും മറ്റ് കാർഷിക പ്രവർത്തനങ്ങൾക്കുമായി ഒരുക്കിയിരിക്കുന്ന ഹെലികോപ്‌റ്റര്‍ ആണിത്.
പ്രചോദനം ഉള്‍ക്കൊണ്ടത് യൂറോപ്പിലെ കര്‍ഷകരില്‍ നിന്ന്: രാജാറാം ഇംഗ്ലണ്ടിലും ജർമനിയിലും പോയപ്പോൾ കീടനാശിനി തളിക്കാൻ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത് കണ്ടിരുന്നു. മികച്ച ഫലം ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് ഹെലികോപ്റ്റർ വാങ്ങാൻ താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മകനെയും ഇളയ സഹോദരനെയും പൈലറ്റ് പരിശീലനത്തിനായി ഉജ്ജയിനിലെ ഏവിയേഷൻ അക്കാദമിയിലേക്ക് അയക്കാനാണ് രാജാറാമിന്‍റെ തീരുമാനം.
ബാങ്ക് ജോലി ഉപേക്ഷിച്ചു, കർഷകനായി: ബസ്‌തറിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച രാജാറാം 1998-ൽ ബാങ്ക് ജോലി ഉപേക്ഷിച്ചാണ് കൃഷിയിലേക്ക് ഇറങ്ങിയത്. നിലവിൽ ബസ്‌തര്‍, കൊണ്ടഗാവ് ജില്ലകളിൽ വെള്ള നിലക്കടലയും കുരുമുളകും കൂടുതലായി കൃഷി ചെയ്യുന്നുണ്ട്. കൂടാതെ ഔഷധസസ്യവും കൃഷി ചെയ്‌തു വരുന്നു.
400 ആദിവാസി കുടുംബങ്ങളുടെ സഹായത്തോടെയാണ് രാജാറാം തന്‍റെ 1000 ഏക്കറിൽ ജൈവകൃഷി ചെയ്യുന്നത്. ഇതുവരെ ദേശീയതലത്തിൽ നാല് തവണ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. കൃഷിയിലൂടെ പ്രതിവർഷം 25 കോടിയുടെ വിറ്റുവരവാണ് അദ്ദേഹം നേടുന്നത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും രാജാറാം കുരുമുളക് കയറ്റുമതി ചെയ്യുന്നുണ്ട്.
14 ലക്ഷത്തിന് കാളയെ വിറ്റ് സഹോദരങ്ങള്‍:കാളയെ 14 ലക്ഷം രൂപയ്‌ക്ക് വിറ്റ കര്‍ണാടകയിലെ ബഗലകോട്ടിലെ കര്‍ഷക സഹോദരങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ഒരു വര്‍ഷം മുമ്പ് അഞ്ച് ലക്ഷം രൂപയ്‌ക്ക് വാങ്ങിയ കാളയെയാണ് 14 ലക്ഷം രൂപയ്‌ക്ക് സഹോദരങ്ങള്‍ വിറ്റത്. ജില്ലയിലെ മെറ്റഗുഡ ഹലാകി ഗ്രാമത്തിലെ കാശിലിംഗപ്പ ഗദാദരയും യമനപ്പ ഗദാദരയുമാണ് കാളയെ വിറ്റത്.
നന്ദഗാവ് ഗ്രാമത്തിലെ വിത്തലയാണ് 14 ലക്ഷം രൂപ നല്‍കി ഇവരുടെ കാളയെ വാങ്ങിയത്. കര്‍ണാടകയിലും മഹാരാഷ്‌ട്രയിലുമായി നടന്ന നിരവധി കാളയോട്ട മത്സരങ്ങളില്‍ വിജയിച്ച കാളയാണ് ഇത്. സമ്മാനത്തുകയായി 12 ലക്ഷം രൂപയോളം ഇതിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ആറ് ബൈക്കുകള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയും കാള മത്സരത്തില്‍ വിജയിച്ച് കരസ്ഥമാക്കിയിട്ടുണ്ട്. ഗ്രാമത്തില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന ഈ കാളയെ വികാര നിര്‍ഭരമായണ് ഗ്രാമവാസികള്‍ യാത്രയാക്കിയത്.