ഡൽഹി: ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്‌തതോടെ സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടി. ബ്ലൂംബെർഗ് തയ്യാറാക്കിയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം 650 മില്യൺ ഡോളർ അതായത് 48,000 കോടിയിലധികം രൂപയാണ് ദീപീന്ദർ ഗോയലിന്‍റെ ആസ്തി. ആകെ 4.7 ശതമാനം ഓഹരികളാണ് സൊമാറ്റോയിൽ ദീപിന്ദർ ഗോയലിനുള്ളത്.
Also Read: പൾസ് ഓക്‌സിമീറ്റർ ഉൾപ്പടെയുള്ള മെഡിക്കൽ ഉപകരണങ്ങൾക്ക് വില കുറഞ്ഞെന്ന് കേന്ദ്രം
അടുത്ത ആറു വർഷം കൊണ്ട് 36.8 കോടിയിലധികം ഓപ്ഷനുകൾ കൂടി സ്വന്തമാക്കുന്നതോടെ കമ്പനിയിൽ ഗോയലിന്‍റെ ആസ്‌തി ഇരട്ടിയാകും. പ്രഥമ ഓഹരി വില്പനയ്‌ക്ക് ശേഷം ജൂൺ 23നാണ് സൊമാറ്റോയുടെ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടത്. ആദ്യ ദിനം തന്നെ കമ്പനിയുടെ ഓഹരി വില 66 ശതമാനം ഉയർന്നിരുന്നു. ഓഹരി വില കുതിച്ചുയർന്നതോടെ സോമാറ്റോയുടെ വിപണി മൂല്യം ഒരു ലക്ഷം കോടിയിലേക്ക് അടുത്തു. നിലവിൽ 98,000 കോടി രൂപയാണ് കമ്പനിയുടെ മൂല്യം.
ഫൂഡീബെയിൽ നിന്ന് സൊമാറ്റോയിലേക്ക്
2008ൽ ആണ് ദീപീന്ദർ ഗോയലും സുഹൃത്തായ പങ്കജ് ചന്ദയും ചേർന്ന് ഡൽഹി കേന്ദ്രീകരിച്ച് ഫൂഡീബെ ഡോട്ട് കോം പേരിൽ പുതിയ സംരംഭം ആരംഭിക്കുന്നത്. അന്ന് ഇരുവർക്കും ജോലി ബെയ്‌ൻ ആന്‍റ് കമ്പനിയിൽ ആയിരുന്നു. തന്‍റെ സഹപ്രവർത്തകർ ക്യാന്‍റീനിലെ മെനുവിനെക്കുറിച്ചും പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതിലെ ബുദ്ധിമുട്ട് പങ്കുവെച്ചതും മറ്റുമാണ് ദീപീന്ദർ ഗോയലിനെ ഇത്തരം ഒരു ആശയത്തിലേക്ക് നയിച്ചത്.
തുടർന്ന് പങ്കജ് ചന്ദുമായി ചേർന്ന് സമീപത്തെ ഭക്ഷണ ശാലകളുടെ വിവരങ്ങളും ഫോണ്‍ നമ്പറുകളും കമ്പനിയുടെ ഇന്‍ട്രാ നെറ്റിൽ ലഭ്യമാക്കി. ഇതായിരുന്നു ഫൂഡീബെയുടെ തുടക്കം. ഇൻഫോ എഡ്‌ജ് ഇന്ത്യ ലിമിറ്റഡിന്‍റെ സ്ഥാപകനായ സജ്ഞീവ് ബിഖ് ചന്ദാനി ഒരു മില്യണ്‍ ഡോളർ നിക്ഷേപം നടത്തിയതോടെയാണ് കമ്പനിയുടെ പേര് സൊമാറ്റോ എന്ന് ആയി.
ഇൻഫോ എഡ്‌ജിനെക്കൂടാതെ (18.55%), ഊബർ (9.13%), അലിപേ (8.33%), ആന്‍റ് ഫിൻ (8.20%), ടൈഗർ ഗ്ലോബൽ (6%), സ്വെക്വേയ ക്യാപിറ്റൽ (5.98%) എന്നിവർക്കും സൊമാറ്റോയിൽ നിക്ഷേപം ഉണ്ട്. പ്രഥമ ഓഹരി വില്പനയിൽ ഇൻഫോ എഡ്‌ജിന്‍റെ 375 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തിയിരുന്നു. 2019ലെ കണക്കുകൾ അനുസരിച്ച് ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഇരുപത്തിനാലോളം രാജ്യങ്ങളിലായി 10,000ൽ അധികം സിറ്റികളിൽ സൊമാറ്റോ സേവനം ലഭ്യമാണ്.