മുംബൈ: ആദ്യ ദിനം തന്നെ പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട സൊമാറ്റോയുടെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) ജൂലൈ 16ന് അവസാനിച്ചു. സബ്‌സ്‌ക്രിപ്‌ഷൻ കാലയളവ് അവസാനിക്കുമ്പോൾ 40 തവണയാണ് ഓഹരികൾ ഓവർ സബ്‌സ്‌ക്രൈബ് ചെയ്തത്. ഇന്ന് വൈകുന്നേരം 5 മണി വരെ ക്വാളിഫൈയ്‌ഡ് വിഭാഗം 55 തവണയും റീട്ടെയിൽ വിഭാഗം എട്ട് തവണയും ഇന്ന് ഓഹരികൾ സബ്‌സ്ക്രൈബ് ചെയ്‌തു.
Also Read: വൻ വിലക്കിഴിവിൽ കെടിഎം 250 അഡ്വഞ്ചർ; പരിമിതകാല ഓഫർ പ്രഖ്യാപിച്ച് ബജാജ്
കഴിഞ്ഞ ദിവസം 8.75- 9 രൂപയായിരുന്ന സൊമാറ്റോയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി) ഇന്ന് 10-12 രൂപയിലെത്തി. ആദ്യദിനം തന്നെ വില്പന ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ റീട്ടെയിൽ വിഭാഗം പൂർണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. 4,196 കോടിയുടെ ഷെയറുകൾ സൊമാറ്റോ ആങ്കർ നിക്ഷേപകർക്കായി(anchor book allocation) മാറ്റിയിരുന്നു.
552.17 ഇക്വിറ്റി ഷെയറുകൾ 76 രൂപ നിരക്കിലാണ് ആങ്കർ നിക്ഷേപർക്ക് നൽകിയത്. സിംഗപ്പൂർ സർക്കാർ, ബ്ലാക്ക് റോക്ക്, ഗോൾഡ്‌മാൻ സാച്ച്സ്, അബുദാബി ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി തുടങ്ങിയവരൊക്കെ ആങ്കർ ബുക്കിലൂടെ ഓഹരി സ്വന്തമാക്കിയിരുന്നു. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ആണ് സൊമാറ്റോ ഐപിഒയുടെ രജിസ്ട്രാർ. ജൂലൈ 22ന് ഓഹരി വിതരണം ഉറപ്പിക്കും.
സൊമാറ്റോ ഷെയറുകൾ ജൂലൈ 27ഓടെ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത. 9,000 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിൽ കമ്പനിയിൽ പങ്കാളിത്തമുള്ള ഇൻഫോ എഡ്‌ജിന്‍റെ 375 കോടി രൂപയുടെ ഓഹരികളുമാണ് സൊമാറ്റോ വില്പനയ്‌ക്ക് വെച്ചത്. ഓഹരിയൊന്നിന് 72-76 രൂപ നിരക്കിലായിരുന്നു വില്പന.