കൊവിഡ് പ്രതിസന്ധിയില്‍ വിമാനക്കമ്പനികള്‍ - കൊവിഡ് വാർത്ത
എന്‍ജിനീയറിങ് വിഭാഗത്തിലെ ഒരുപറ്റം ജീവനക്കാരോടാണ് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാന്‍ സ്‌പൈസ് ജെറ്റ് ആവശ്യപെട്ടിരിക്കുന്നത്
മുംബൈ: ലോക്ക് ഡൗണും കൊവിഡ് 19-നും വിമാനക്കമ്പിനികളെയും സാരമായി ബാധിക്കുന്നതായി സൂചന. ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാന്‍ സ്‌പൈസ് ജെറ്റ് നിര്‍ദേശിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് നടപടിയെന്നാണ് സൂചന. എന്‍ജിനീയറിങ് വിഭാഗത്തിലെ ഒരു പറ്റം ജോലിക്കാരോടാണ് അവധിയില്‍ പ്രവേശിക്കാന്‍ നിർദേശിച്ചതെന്ന് കമ്പനി അധികൃതർ പറഞ്ഞു. റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ഏപ്രില്‍ മാസത്തെ ശമ്പളം ജീവനക്കാർ ജോലിയില്‍ പ്രവേശിക്കുന്ന ദിവസം നല്‍കും. നേരത്തെ 50,000 രൂപക്ക് മുകളില്‍ ശമ്പളം വാങ്ങുന്നവരോട് കമ്പനി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാന്‍ നിർദേശിച്ചതായി വാർത്തകൾ വന്നിരുന്നു. സമാന നടപടികൾ ഇന്‍ഡിഗോ, ഗോ എയർ, വിസ്താര, എയർ ഇന്ത്യ എന്നീ വിമാന കമ്പനികളും ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്തെ കൊമേഴ്‌സ്യല്‍ വിമാന സർവീസുകൾ മെയ് മൂന്ന് വരെ നിർത്തിവച്ചിരിക്കുകയാണ്.