മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയുടെ സമ്മിശ്ര തെരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയിലും പ്രകടമായി. സെൻസെക്സ് ഇന്നത്തെ ഉയർന്ന നിലയായ 39,327.15 ലും താഴ്‌ന്ന നിലയായ 38,840.76 ലും എത്തിയ ശേഷം 38.44 പോയിന്‍റ് (0.10 ശതമാനം) ഇടിഞ്ഞ് 39,020.39 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 21.50 പോയിന്‍റ് (0.19 ശതമാനം) ഇടിഞ്ഞ് 11,582.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
5.76 ശതമാനം വരെ കുറഞ്ഞ യെസ് ബാങ്ക്, എസ്‌ബിഐ, ഇൻഡസ് ബാങ്ക് എന്നിവയാണ് സെൻസെക്സിൽ ഇന്ന് ഏറ്റവും വലിയ നഷ്ടം നേരിട്ടത്.
സെബിയും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും അന്വേഷണം ആരംഭിച്ചതിനെത്തുടർന്ന് ഇൻഫോസിസ് ഓഹരികൾ 2.36 ശതമാനം ഇടിഞ്ഞു.
എന്നാൽ ഭാരതിയ എയർടെൽ, ആർഐഎൽ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്‍റ്സ് , ടാറ്റാ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ് 3.31 ശതമാനം ഉയർന്നു.
ടെലികോം സേവന ദാതാക്കളിൽ നിന്ന് 92,000 കോടി രൂപയുടെ ക്രമീകരിച്ച മൊത്ത വരുമാനം (എജിആർ) തിരിച്ചുപിടിക്കാൻ സർക്കാർ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചതിനെത്തുടർന്ന് ഇന്ന് വോഡഫോൺ, ഐഡിയ എന്നിവയുടെ ഓഹരികൾ 27 ശതമാനം വരെ തകർന്നു. അതിനിടെ, ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 11 പൈസ കുറഞ്ഞു 71 രൂപ ആയപ്പോൾ ബ്രെൻറ് ക്രൂഡ് ഓയിൽ വില 0.47 ശതമാനം ഇടിഞ്ഞ് ബാരലിന് 60.88 ഡോളറിലെത്തി.