ന്യൂഡൽഹി: സാധാരണക്കാരനെ ബുദ്ധിമുട്ടിലാക്കി ഭക്ഷ്യവസ്തുക്കളുടെ വിലവർധനവ്. രാജ്യത്തെ ഇന്ധനവിലയിലുണ്ടാകുന്ന വർധനവും ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിയിലുള്ള ചിലവും കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും സാധാരണക്കാരന്‍റെ ജീവിതം കൂടുതൽ ദുരിതമയമാക്കി.
ക്രൂഡ് പാം ഓയിലിന്‍റെ വില കഴിഞ്ഞ ഒരു വർഷം കൊണ്ട് 74 ശതമാനമാണ് വർധിച്ചത്, ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി നികുതിയിൽ കുറവുണ്ടായില്ലെങ്കിൽ കടുക് എണ്ണയുടെ വില പോലും ലിറ്ററിന് 200 രൂപ കടക്കുമെന്നും പയറുവർഗ്ഗങ്ങളുടെ വിലയിലും വർധനവ് ഉണ്ടാകുമെന്നും സെൻട്രൽ ഓർഗനൈസേഷൻ ഫോർ ഓയിൽ ഇൻഡസ്ട്രി ആൻഡ് ട്രേഡിന്‍റെ (കോട്ട്) ലക്ഷ്മി ചന്ദ് അഗർവാൾ പറയുന്നു.
ഭക്ഷ്യ വസ്തുക്കളുടെ വിലവർധനവ് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും രാജ്യത്ത് ഭക്ഷ്യ എണ്ണ ഉൽപാദനം ഉയർത്താൻ ശ്രമിക്കുകയാണെന്നും ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ലീന നന്ദൻ പറഞ്ഞു.
കൊവിഡ് കാലഘട്ടത്തിൽ രാജ്യത്ത് ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവയുടെ ഉത്പാദനം ഗണ്യമായി വർദ്ധിച്ചുവെന്നത് സുപ്രധാന നേട്ടമാണ്. എന്നിരുന്നാലും വിലക്കയറ്റം വീടുകളിൽ സാമ്പത്തിക ബാധ്യത വർധിപ്പിച്ചു.
പയറുവർഗ്ഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ തുടരുമ്പോൾ തന്നെ ആവശ്യക്കാരുടെ എണ്ണവും വർധിച്ചതായി ഓൾ ഇന്ത്യ ദൾ മിൽ അസോസിയേഷന്‍റെ സുരേഷ് അഗർവാൾ പറഞ്ഞു. പച്ചക്കറി വില ഉയരുമ്പോഴെല്ലാം പയർവർഗ്ഗങ്ങളുടെ ആവശ്യവും ഉയരുമെന്ന് ചരക്ക് വിദഗ്ധർ അഭിപ്രായപ്പെട്ടു.