മുംബൈ: ഒരു അത്യാവശ്യത്തിന് ഓടിച്ചെല്ലുമ്പോൾ പലപ്പോഴും എടിഎം 'നോ ക്യാഷ്' കാണിക്കുന്ന അനുഭവം നമുക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. എടിഎം ഉപയോഗത്തിന് കണക്ക് പറഞ്ഞ് കാശു ഈടാക്കുന്ന ബാങ്കുകൾ ഒരിക്കലും മെഷീനുകളിൽ കൃത്യമായി പണം നിറയ്ക്കാറില്ല. പലപ്പോഴും നഗരങ്ങളിലെ തിരക്കുള്ള ഭാഗങ്ങളിലെയോ, ബാങ്കുകളുമായി ചേർന്നിരിക്കുന്ന എടിഎമ്മുകളിലോ മാത്രമേ കൃത്യമായി പണം നിറയ്‌ക്കാറുള്ളു.
Also Read: ഏഴു വർഷത്തിന് ശേഷം എടിഎം സർവീസ് ചാർജുകൾ വർധിപ്പിക്കാൻ ആർബിഐ
എന്നാൽ ഇനിമുതൽ ഇത് നടക്കില്ല. എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. പുതിയ നിയമം ഒക്ടോബർ ഒന്നുമുതൽ നിലവിൽ വരും. ഒരു മാസം ആകെ 10 മണിക്കൂറിൽ കൂടുതൽ പണമില്ലാതിരിക്കുന്ന എടിഎമ്മുകളുടെ ഉടമകളായ ബാങ്കുകളിൽ നിന്നാണ് പിഴ ഈടാക്കുക. പതിനായിരം രൂപയാണ് പിഴ.
നിലവിൽ ബാങ്കുകൾ എടിഎമ്മുകളുടെ പ്രവർത്തനം കുറച്ചുകൊണ്ടു വരികയാണ്. ഉപഭോക്താക്കൾ യുപിഐ പേമെന്‍റുകളിലേക്ക് മാറിയത് രാജ്യത്തെ എടിഎം ഉപയോഗം കുറച്ചിട്ടുണ്ട്. പരിപാലന ചെലവ് ഉയർന്നത് കണക്കിലെടുത്ത് എടിമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ചാർജ് വർധിപ്പിക്കാൻ കഴിഞ്ഞ ജൂലൈയിൽ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു.