പ്രീ-ലോഞ്ച് ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിങുമായി ഒല ഇലക്‌ട്രിക് സ്കൂട്ടർ. ലോകത്ത് ഏറ്റവും അധികം പ്രീ-ബുക്ക് ചെയ്യപ്പെട്ട സ്‌കൂട്ടറായി ഒല മാറിയെന്ന് സിഇഒ ഭവേഷ് അഗർവാൾ ശനിയാഴ്‌ച അറിയിച്ചു. ജൂലൈ 15ന് ആണ് ഒല ഇ-സ്‌കൂട്ടറിന്‍റെ ബുക്കിങ് ആരംഭിച്ചത്.
24 മണിക്കൂർ, ഒരു ലക്ഷം ബുക്കിങ്; ഒല ഇ-സ്‌കൂട്ടർ ഹിറ്റാണ് - ola scooter 1 lakh booking
ജൂലൈ 15ന് ആണ് ഒല ഇ-സ്‌കൂട്ടറിന്‍റെ ബുക്കിങ് ആരംഭിച്ചത്
499 രൂപ മുടക്കി ഓൺലൈനായി സ്കൂട്ടർ ബുക്ക് ചെയ്യാം. സ്കൂട്ടർ ബുക്ക് ചെയ്‌ത എല്ലാവർക്കും കമ്പനി സിഇഒ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. പൂർണമായി ഫീച്ചറുകൾ പോലും പുറത്ത് വിടാത്ത ഒരു ഇ- സ്കൂട്ടറിന് വിപണിയിൽ നിന്ന് ഇത്രയും വലിയ പിന്തുണ അപ്രതീക്ഷിതമാണ്. സ്കൂട്ടറുകളുടെ വിതരണം എന്ന് ആരംഭിക്കും എന്നുപോലും ഒല വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ഏതാനും ചില സൂചനകൾ കമ്പനി നൽകിയിട്ടുണ്ട്. കീ ഇല്ലാതെ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള സ്റ്റാർട്ടിങ് സംവിധാനം, സെഗ്മെന്‍റിലെ ഏറ്റവും വലിയ ബൂട്ട് സ്പെയ്‌സ്, എർഗോണമിക് സീറ്റിങ് പൊസിഷൻ എന്നിവ ഒല സ്കൂട്ടറിന്‍റെ സവിശേഷതകളാണ്. വിപണിയിലെ 125 സിസി പെട്രോൾ സ്കൂട്ടറുകളോടാവും ഒല ഇലക്‌ട്രിക് മത്സരിക്കുക.
പൂർണ ശേഷിയിൽ പ്രതിവർഷം 10 ദശലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഫാക്ടറിയാണ് ഒല തമിഴ്‌നാട്ടിൽ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ എത്ര വലിയ ബുക്കിങ് ഉണ്ടായാലും അത് കൊടുത്തു തീർക്കാൻ ഒലയ്‌ക്ക് ആകും എന്നാണ് പ്രതീക്ഷ. എന്നാൽ കൊവിഡിനെ തുടർന്ന് സെമി കണ്ടക്ടർ ചിപ്പുകളുടെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും ക്ഷാമം മറ്റ് വാഹന നിർമാതാക്കളെയൊക്കെ ബാധിച്ചതുപോലെ ഒലയ്‌ക്കും പ്രതിസന്ധിയാകുമോ എന്നും കാത്തിരുന്ന് അറിയാം.