കൊവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്ന് ജൂൺ പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട് ഫോൺ കയറ്റുമതിയിൽ 13% ഇടിവ് രേഖപ്പെടുത്തി. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കനാലിസ് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതി 13 ശതമാനം ഇടിഞ്ഞ് 32.4 ദശലക്ഷം യൂണിറ്റായി.
Also Read: ഇന്ത്യയിൽ സംരംഭങ്ങൾ നടത്തുക ഇപ്പോഴും വെല്ലുവിളിയെന്ന് യുഎസ്
എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് ഈ പാദത്തിൽ 87 ശതമാനത്തിന്‍റെ വളർച്ചയാണ് വിപണിയിൽ നേടിയത്. ആദ്യ ലോക്ക്ഡൗണിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഗുണമായി. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 17.3 ദശലക്ഷം ഫോണുകളാണ് കയറ്റി അയച്ചത്.
ഒന്നാമൻ ഷവോമി
കയറ്റുമതി വപണിയിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്നത് ചൈനീസ് സ്മാർട്ട് ഫോണ്‍ നിർമാതാക്കളായ ഷവോമി ആണ്. 29 ശതമാനം ആണ് ഷവോമിയുടെ വിപണി വിഹിതം. 9.5 ദശലക്ഷം ഫോണുകളാണ് അവർ കയറ്റി അയച്ചത്. ലോക വിപണിയിൽ ഏതാനും നാളുകൾ മുൻപ് ആപ്പിളിനെ പിന്തള്ളി ഷവോമി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ആഗോള തലത്തിൽ ഒന്നാം സ്ഥാനക്കാരായ സാംസങ്ങ് കയറ്റുമതിയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് ആണ്.
17 ശതമാനം വിപണി വിഹിതമുള്ള സാംസങ്ങ് കയറ്റി അയച്ചത് 5.5 ദശലക്ഷം ഫോണുകളാണ്. ചൈനീസ് കമ്പനിയായ ബിബികെ ഇലട്രോണിക്‌സിന്‍റെ കീഴിലുള്ള വിവോ, റിയൽമി, ഓപ്പോ എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. വിവോ 5.4 ദശലക്ഷം ഫോണുകളും റിയൽമി, ഓപ്പോ എന്നിവ യഥാക്രമം 4.9 ദശലക്ഷം, 3.8 ദശലക്ഷം ഫോണുകളും കയറ്റി അയച്ചു. മൂന്ന് കമ്പനികൾക്കും യഥാക്രമം 17 (%), 15 (%), 12 (%) എന്നിങ്ങനെയാണ് വിപണി വിഹിതം.