ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഒരാളുടെ ക്രെഡിറ്റ് സ്കോറിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 750 എന്ന മികച്ച ക്രെഡിറ്റ് സ്കോര്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ വായ്പകള്‍ പെട്ടെന്ന് ലഭിക്കുന്നതിനും അതില്‍ പലിശ കുറയുന്നതിനുമൊക്കെ സഹായിക്കും. സാമ്പത്തിക അച്ചടക്കം പാലിച്ചാല്‍ 750 എന്ന ക്രെഡിറ്റ് സ്കോര്‍ നമുക്ക് നേടാവുന്നതാണ്.
ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ സമയത്തിന് അടയ്ക്കുക എന്നുള്ളത് ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്താന്‍ ആവശ്യമാണ്. ക്രെഡിറ്റ് സ്കോര്‍ 700ന് താഴെയാണെങ്കില്‍, നിങ്ങളുടെ വായ്പ അപേക്ഷ ബാങ്കുകള്‍ നിരസിച്ചേക്കാം. ഒരു പക്ഷെ വായ്പ അനുവദിക്കപ്പെട്ടാല്‍ തന്നെ അതിന്‍മേലുള്ള പലിശ സാധാരണയിലും കൂടുതലുമായിരിക്കും.
വായ്പ തവണകള്‍ കൃത്യമായി അടയ്ക്കുക
വായ്പ തവണകള്‍ കൃത്യമായി അടച്ചില്ലെങ്കിലും ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കും. മൂന്ന് മാസം തുടര്‍ച്ചയായി മാസത്തവണകള്‍ മുടങ്ങുകയാണെങ്കില്‍ ആ വായ്പയെ ബാങ്ക് നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കും. പിന്നെയും വായ്പ തിരിച്ചടവ് മുടങ്ങുകയാണെങ്കില്‍ തിരിച്ച് പിടിക്കാനായി ബാങ്ക് ശ്രമം ആരംഭിക്കും. ഈ ഘട്ടത്തെ സ്റ്റെല്‍മെന്‍റ് ഓപ്ഷന്‍ എന്ന് വിളിക്കുന്നു.
ബാങ്കും വായ്പ സ്വീകരിച്ചയാളും തമ്മില്‍ എത്തിചേര്‍ന്ന കരാര്‍ പ്രകാരമുള്ള തുകയടക്കുകയാണെങ്കില്‍ ബാങ്ക് വായ്പ എഴുതി തള്ളുന്നു. വായ്പ എഴുതി തള്ളിയ കാര്യം ബാങ്ക് ക്രെഡിറ്റ് ബോര്‍ഡിനേയും അറിയിക്കുന്നു. എന്നാല്‍ ഈ സെറ്റില്‍മെന്‍റ് ഭാവിയില്‍ നിങ്ങള്‍ വായ്പയെടുക്കുമ്പോള്‍ ബാധിക്കുന്നു. നിങ്ങള്‍ക്ക് വായ്പ അനുവദിക്കണമോ എന്ന കാര്യത്തില്‍ ബാങ്ക് പുനരാലോചന നടത്തും.