രാജ്യത്ത് യുപിഐ അഥവാ ഏകീകൃത പേയ്‌മെന്‍റ് സംവിധാനം ആരംഭിച്ചതിന് സമാനമായി ഇ-കൊമേഴ്‌സ് രംഗത്തും പുത്തൻ പരീക്ഷണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ആഗോള ഇ- കൊമേഴ്‌സ് ഭീമന്മാരായ ഫ്ലിപ്‌കാർട്ടിനും ആമസോണിനുമൊക്കെ ഭാവിയിൽ വെല്ലുവിളി ഉയർത്താൻ പോന്ന ഒന്നായാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) വിലയിരുത്തപ്പെടുന്നത്.
ഏകദേശം 800 ബില്യൺ ഡോളറിന്‍റെ റീട്ടെയിൽ വിപണിയുള്ള ഒരു രാജ്യത്ത് ഇ- കൊമേഴ്‌സ് മേഖലയിലെ കുത്തകവത്കരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ഒരു പൊതു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുകയെന്നത് നിർണായക നീക്കമാണ്. ഒഎൻഡിസി പദ്ധതിക്കായി കേന്ദ്രം ഒരു ഉപദേശക സമിതിയെ നിയോഗിച്ചത് കഴിഞ്ഞ ജൂലൈ മാസമാണ്.
എന്താണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC)
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ കീഴിൽ രാജ്യത്തെ ചരക്ക്-സേവന കൈമാറ്റത്തിന് ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം- അതാണ് ഒൻഡിസി. ഒരു ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോം ആയിരിക്കും ഒഎൻഡിസി. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഒഎന്‍ഡിസിയിൽ കൂട്ടിച്ചേർക്കലുകൾ നടത്താം.
ലളിതമായി പറഞ്ഞാല്‍ ഇന്ന് ആൻഡ്രോയ്‌ഡ് സോഫ്റ്റ്‌വെയറിന്‍റ വിവിധ പതിപ്പുകൾ സാംസങ്ങും, ഷവോമിയും ഒക്കെ ഉപയോഗിക്കുന്നതുപോലെ ആവശ്യാനുസരണം മാറ്റം വരുത്തി ഒഎന്‍ഡിസി ഉപയോഗിക്കാം.
നിലവിൽ ആമസോണിൽ നിന്ന് ഒരു സാധനം മേടിക്കണമെങ്കിൽ അതേ ആപ്ലിക്കേഷൻ തന്നെ ഉപയോഗിക്കണം. എന്നാൽ ഒഎൻഡിസിയിൽ അതിന്‍റെ ആവശ്യമില്ല. ഒഎൻഡിസി അധിഷ്‌ഠിതമായി ഏത് പ്ലാറ്റ്‌ഫോം ഉപയോഗിച്ചും സാധനം വാങ്ങാം.
ഇപ്പോൾ യുപിഐ ക്യു ആർ കോഡ് എന്നിവ ഉപയോഗിച്ച് ഗൂഗിൾ പേ, ഫോണ്‍പേ തുടങ്ങിയവ മാറി മാറി ഉപയോഗിക്കുന്നതിന് സമാനമായിരിക്കും ഇതിന്‍റെ പ്രവർത്തനം.