മുംബൈ: ഓഹരി വിപണി നഷ്ടത്തിൽ വ്യപാരം അവസാനിപ്പിച്ചു. അവസാന മണിമുഴങ്ങുമ്പോൾ സെൻസെക്‌സ് 52,306ലും നിഫ്റ്റി 15,686ലും എത്തി. ബിഎസ്ഇ സെൻസെക്‌സ് 582.63 പോയിന്‍റ് ഇടിഞ്ഞപ്പോൾ എൻഎസ്ഇ നിഫ്റ്റി 85.80 പോയിന്‍റ് ആണ് കുറഞ്ഞത്. സെൻസെക്‌സിലെ പ്രധാന 30 കമ്പനികളിൽ എട്ടെണ്ണം മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
Also Read: കൊവിഡ് ഇന്ത്യക്കാരുടെ സമ്പത്തിൽ വരുത്തിയത് 6.1% ഇടിവ്
ഇന്നലത്തെ പ്രകടനം തുടർന്ന മാരുതി സുസുക്കിയാണ് നേട്ടം കൊയ്‌തവരിൽ പ്രധാനി. 2.30 ശതമാനം നേട്ടമാണ് മാരുതിക്ക് ഉണ്ടായത്. മാരുതിയെക്കൂടാതെ ടൈറ്റൻ (1.45%), ബജാജ് ഫിൻസെർവ് (1.24%) , ഒഎൻജിസി (1.07%) എന്നിവരും ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. നഷ്ടം നേരിട്ടവരിൽ അദാനി പോർട്ട് ആണ് മുമ്പിൽ. 3.26 ശതമാനത്തിന്‍റെ നഷ്ടത്തിലാണ് അദാനി പോർട്ട് വ്യാപാരം അവസാനിപ്പിച്ചത്.
മ്യാൻമാറിലെ പട്ടാള ഭരണകൂടവുമായുള്ള ബന്ധത്തിന്‍റെ പേരിൽ ഒരു നോർവീജിയൻ ഫണ്ട് നിഷേപം പിൻവലിച്ചതാണ് അദാനി പോർട്ടിന്‍റെ ഓഹരി ഇടിയലിന്‍റെ മുഖ്യ കാരണമായി പറയുന്നത്. വിപ്രോ, ഡിവിസ് ലാബ്, ജെഎസ്‌ഡബ്ല്യൂ സ്റ്റീൽ, ലാർസെൻ തുടങ്ങിയവരാണ് നഷ്ടം നേരിട്ട മറ്റ് പ്രധാനികൾ. കഴിഞ്ഞ മൂന്ന് ദിവസത്തെ നേട്ടത്തിന്‍റെ പശ്ചാത്തലത്തിൽ നിക്ഷേപകർ നേട്ടമെടുത്തതും മൂഡീസ് രാജ്യത്തിന്‍റെ വളർച്ച അനുമാനം 13.9 ൽ നിന്ന് 9.6 ആയി കുറച്ചതും വിപണിയെ ബാധിച്ചു.