ഒരു കാലത്ത് വിപണി കീഴടക്കിയിരുന്ന ഓഡിയോ കാസറ്റുകളും ടേപ്പ് റെക്കോർഡറുകളുമെല്ലാം ഇന്ന് നമുക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകൾ മാത്രമാണ്. കാസറ്റ് ടേപ്പുകൾ പോയി സിഡികൾ വരികയും പിന്നീട് പെൻഡ്രൈവുകളും മെമ്മറിക്കാർഡുകളിലൂടെയും കടന്ന് മ്യൂസിക് ആപ്പുകളിലെത്തി നമ്മുടെ സംഗീത ആസ്വാദനം.
Also Read: ലോക സംഗീത ദിനത്തിൽ ഹൃദയത്തിലെ 15 പാട്ടുകളുടെ വിവരങ്ങളുമായി വിനീത് ശ്രീനിവാസൻ
എന്നാൽ ഓഡിയോ കാസറ്റുകളെ ഹൃദയത്തോട് ചേർത്ത് വെക്കുന്നവർക്ക്, പഴയ ടേപ്പ് റെക്കോർഡുകൾ പൊടിതട്ടി സൂക്ഷിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. വിനീത് ശ്രീനിവാസന്‍റെ ഏറ്റവും പുതിയ ചിത്രമായ "ഹൃദയത്തിലെ" പാട്ടുകൾ ഓഡിയോ കാസറ്റായും പുറത്തിറങ്ങും. വിനീത് തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ലിമിറ്റഡ് എഡിഷനായാണ് ഓഡിയോ കാസറ്റുകൾ എത്തുന്നത്. 15 പാട്ടുകളാണ് ഹൃദയത്തിൽ ഉള്ളത്. ഹിഷാം അബ്‍ദുള്‍ വഹാബാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രണവ് മോഹൽലാൽ നായകാനാകുന്ന ചിത്രത്തിന്‍റെ പാട്ടുകളുടെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് തിങ്ക് മ്യൂസിക്കാണ്.
കാസറ്റ് ടേപ്പുകൾക്ക് പുറമെ ഓഡിയോ സിഡിയും ഹൃദയം ടീം പുറത്തിറക്കുന്നുണ്ട്. കാസറ്റ് വില്പന എന്ന് ആരംഭിക്കുമെന്ന് വിനീത് ശ്രീനിവാസൻ വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഹൃദയം തൊടുന്ന ഹൃദയത്തിലെ പാട്ടുകൾ പഴയ ടേപ്പ് റെക്കോർഡറിലൊ വോക്ക്‌മാനിലോ ആസ്വദിക്കാൻ നമുക്ക് കാത്തിരിക്കാം.