ന്യൂഡല്‍ഹി:ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 112 അനുസരിച്ച് വരാന്‍ പോകുന്ന സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്രസര്‍ക്കാറിന്‍റെ വരവു ചിലവുകളെ സംബന്ധിച്ചുള്ള അടങ്കല്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ വരവ് ചിലവുകളെ സംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്‍റെ വാര്‍ഷിക പ്രസ്താവനെയാണ് കേന്ദ്ര ബജറ്റ് എന്ന് പൊതുവെ വിളിക്കുന്നത്. ഇന്ത്യയില്‍ ഒരു സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 31 ന് അവസാനിക്കുന്നു.
ബജറ്റിലെ നികുതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് പ്രാബല്യം ഉണ്ടാകണമെങ്കില്‍ ഫിനാന്‍സ് ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ട്.പേര് സൂചിപ്പിക്കുന്നതുപോലെ ധനകാര്യവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങുന്ന ബില്ലുകളെയാണ് ഫിനാന്‍സ് ബില്‍ എന്ന് പറയുക. ഭരണഘടനയുടെ അനുഛേദം 110 പ്രതിപാദിച്ചിട്ടുള്ള ഫിനാന്‍സ് ബില്ലുകളാണ് മണിബില്ലുകള്‍.
എല്ലാ ഫിനാന്‍സ് ബില്ലുകളും മണി ബില്ലുകളല്ല
ഒരു ബില്‍ മണി ബില്ലായി പരിഗണിക്കപ്പെടണമെങ്കില്‍ അത് ചില നിബന്ധനകള്‍ പാലിക്കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 110 പറയുന്നു. പുതിയ നികുതി ചുമത്തുക, ഒരു നികുതി എടുത്തുകളയുക, കുറയ്ക്കുക, പരിഷ്കാരങ്ങള്‍ വരുത്തുക തുടങ്ങിയവ പ്രാബല്യത്തില്‍ വരുത്താനുള്ള ബില്ലുകള്‍ മണി ബില്ലിന്‍റെ ഗണത്തില്‍ വരുമെന്ന് അനുച്ഛേദം 110 വ്യക്തമാക്കുന്നു.
സര്‍ക്കാറിന് കടം എടുക്കുന്നതിനും, വിവിധ ഫണ്ടുകളില്‍ (കണ്‍സോളിഡേറ്റഡ് ഫണ്ട്, കണ്ടിന്‍ജന്‍സി ഫണ്ട്, പബ്ലിക് അക്കൗണ്ട്) നിന്ന് പണം ചിലവാക്കുന്നതിനും അവയിലേക്ക് നിക്ഷേപിക്കുന്നതിനുമൊക്കെ പാര്‍ലമെന്‍റിന്‍റെ അനുമതി വേണം. ഈ അനുമതി സര്‍ക്കാര്‍ വാങ്ങുക പാര്‍ലമെന്‍റില്‍ ഫിനാന്‍സ് ബില്‍ അവതരിപ്പിച്ച് അത് പാസാക്കികൊണ്ടാണ്.
മേല്‍പ്പറഞ്ഞ ഫിനാന്‍സ് ബില്ലുകളും മണി ബില്ലിന്‍റെ ഗണത്തില്‍ വരുമെന്ന് അനുച്ഛേദം 110 പറയുന്നു. കൂടാതെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് ചാര്‍ജ് ചെയ്യപ്പെട്ടവയില്‍ വര്‍ധനവോ കുറവോ വരുത്താന്‍ വേണ്ടിയുള്ള ബില്ലുകളും മണി ബില്ലിന്‍റെ പരിധിയില്‍ വരും. രാഷ്ട്രപതി സുപ്രീംകോടതി ജഡ്‌ജിജിമാര്‍ തുടങ്ങിയവരുടെ ശമ്പളം, സര്‍ക്കാറിന്‍റെ കടത്തിന്‍റേയും അതിലുള്ള പലിശയുടേയും തിരിച്ചടവ് മുതലായവ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് ചാര്‍ജ് ചെയ്യപ്പെട്ട സര്‍ക്കാറിന്‍റെ ചിലവുകളാണ്.
കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് ചാര്‍ജ് ചെയ്യപ്പെട്ടവ ചിലവാക്കുന്നതിന് പാര്‍ലമെന്‍റിന്‍റെ അനുമതി വേണ്ട. മറിച്ച് നിശ്ചയിച്ചതുക മാറ്റം വരുത്താന്‍ മാത്രമെ പാര്‍ലമെന്‍റിന്‍റെ അനുമതി ആവശ്യമുള്ളൂ. രാജ്യസഭയ്ക്ക് മണി ബില്ലുകളുടെ കാര്യത്തിലുള്ള അധികാരം പരിമിതമാണ്. മണിബില്ലുകളുടെ ആദ്യത്തെ അവതരണം നടത്തേണ്ടത് ലോക്‌സഭയിലായിരിക്കണം എന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നു.
മണി ബില്ലുകള്‍ രാജ്യസഭ പതിനാല് ദിവസത്തിനുള്ളില്‍ ഭേദഗതിയോടേയോ അല്ലാതെയോ ലോക്‌സഭയിലേക്ക് തിരിച്ചയക്കണം. ലോക്‌സഭയ്ക്ക് രാജ്യസഭയുടെ ഭേദഗതി അംഗീകരിച്ചോ അല്ലാതെയോ മണിബില്ലുകള്‍ പാസാക്കാം. ബജറ്റിലെ നികുതി , ചിലവ്, കടമെടുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തുന്നത് മണിബില്ലിന്‍റെ ഗണത്തില്‍ വരുന്ന ഫിനാന്‍സ് ബില്ലുകള്‍ അവതരിപ്പിച്ചാണ്.
മണി ബില്ലുകള്‍ പാസാക്കാന്‍ ഒരു സര്‍ക്കാറിന് ലോക്സഭയിലെ ഭൂരിപക്ഷം മാത്രം മതി. ഒരു ബില്‍ മണി ബില്ലാണോ എന്ന് അന്തിമമായി തീരുമാനിക്കാനുള്ള അധികാരം ലോക്‌സഭാ സ്പീക്കര്‍ക്കാണ് ഭരണഘടന നല്‍കിയിരിക്കുന്നത്.
ALSO READ:ബജറ്റ് സമ്മേളനം തിങ്കളാഴ്‌ച മുതല്‍; ഒരുക്കങ്ങള്‍ വിലയിരുത്തി ഓം ബിർളയും വെങ്കയ്യ നായിഡുവും