ന്യൂഡൽഹി: ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്ഡിഐ) ചട്ടങ്ങളിൽ കൂടുതൽ ഇളവ് ആവശ്യപ്പെട്ട് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ. ഇന്ത്യയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനും 5 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിൽ പങ്കാളിയാകാൻ അമേരിക്കൻ കമ്പനികളെ സഹായിക്കുന്നതിന് എഫ്ഡിഐ ചട്ടങ്ങളിലെ ഇളവ് വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഏഴാം ഇന്ത്യ-യുഎസ് സാമ്പത്തിക പങ്കാളിത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോടേ സംസാരിക്കുകയായിരുന്നു യുഎസ് ട്രഷറി സെക്രട്ടറി. 2024-25 ഓടെ അഞ്ച് ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം.
ഉഭയകക്ഷി ബന്ധം വളരുന്നതിന് രാജ്യങ്ങൾക്കിടയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തെ യുഎസ് സ്വാഗതം ചെയ്യുന്നുവെന്നും യുഎസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം തുടരാൻ കഴിയുന്ന ചില വിപണികൾ തുറക്കാൻആഗ്രഹിക്കുന്നതായും മ്യുചിൻ പറഞ്ഞു.