ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്തുക എന്നത് ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുകയാണെന്ന് യുഎസ്. നിക്ഷേപ അനുകൂല സാഹചര്യമൊരുക്കാൻ ഇന്ത്യ ശ്രമിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു. ബുധനാഴ്‌ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയ 2021 ഇൻവെസ്റ്റ്മെന്‍റ് ക്ലൈമറ്റ് സ്റ്റേറ്റ്‌മെന്‍റ് : ഇന്ത്യ റിപ്പോർട്ടിലാണ് രാജ്യത്തെ നിക്ഷേപ സാഹചര്യത്തെ കുറിച്ച് പരാമർശിക്കുന്നത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെക്കുറിച്ചും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.
Also Read:"ഒഴുക്കിയേക്കാം പക്ഷെ വെറുതെ കളയില്ല"; ക്രിപ്റ്റോ കറൻസികളെക്കുറിച്ച് എലോൺ മസ്‌ക്
സംരക്ഷണ നടപടികൾ എന്ന പേരിൽ ഇന്ത്യ അവതരിപ്പിച്ച ഉയർന്ന താരിഫ്, ശാസ്ത്രത്തെ അടിസ്ഥാനമാക്കാതെയുള്ള സാനിറ്ററി, ഫൈറ്റോസാനിറ്ററി നടപടികൾ, അന്താരാഷ്ട്ര നിലവാരത്തിൽ എത്താത്ത മാനദണ്ഡങ്ങൾ ഇവയെല്ലാം സംരംഭങ്ങളെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ കൊവിഡിനെ നേരിട്ട രീതി വിമർശനങ്ങൾ വിളിച്ചു വരുത്തിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യൻ സർക്കാർ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള നടപടികൾ സജീവമായി തുടരുന്നുണ്ട്. പുതിയ ലേബർ കോഡുകളുംകാർഷിക മേഖല പരിഷ്കാരങ്ങളും ഉൾപ്പെടെ ഘടനാപരമായ മാറ്റങ്ങൾ നടപ്പാക്കി. ഇത്തരം നടപടികൾ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
2021 ഫെബ്രുവരിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ 2.4 ബില്യൺ യുഎസ് ഡോളർ സമാഹരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യവത്കരണ പദ്ധതികൾ സമ്പദ്‌വ്യവസ്ഥയിൽ സർക്കാരിന്‍റെ പങ്ക് ഗണ്യമായി കുറയ്ക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2021 മാർച്ചിൽ പാർലമെന്‍റ് ഇൻഷുറൻസ് മേഖലയെ കൂടുതൽ ഉദാരവൽക്കരിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തി. എന്നാൽ ഡയറക്ടർ ബോർഡും മാനേജ്‌മെന്‍റ് ഉദ്യോഗസ്ഥരും ഇന്ത്യൻ പൗരന്മാരാകണമെന്ന നിയമം ഫലം ചെയ്യില്ലെന്നും റിപ്പോർട്ട് പറയുന്നു.