ന്യൂഡൽഹി: ഫോസ്‌ഫാറ്റിക്, പൊട്ടാസിക് (പി & കെ) രാസവളങ്ങൾക്ക് പോഷക അധിഷ്ഠിത സബ്‌സിഡി നിരക്കുകൾ നിശ്ചയിക്കാനുള്ള നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. 2021-22 വർഷത്തേക്കുള്ള സബ്‌സിഡി നിരക്കുകൾ നിശ്ചയിക്കാനാണ് കെമിക്കൽസ്, രാസവള മന്ത്രാലയം അനുമതി തേടിയത്.
പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കുള്ള ക്യാബിനറ്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. വളം നിർമാണ കമ്പനികൾക്കാണ് സബ്‌സിഡി ലഭിക്കുക. കർഷകർക്ക് കുറഞ്ഞ വിലയ്‌ക്ക് വളം ലഭ്യമാക്കാൻ കമ്പനികളെ സഹായിക്കുകയാണ് ലക്ഷ്യം.
അന്താരാഷ്ട്ര വിപണിയിൽ ഡിഎപി( ഡി-അമോണിയം ഫോസ്ഫേറ്റ്) ഉൾപ്പടെയുള്ള പി&കെ വളങ്ങളുടെ വില ഉയർന്നിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷമാണ് വില വർധന ഇന്ത്യൻ വിപണികളിൽ പ്രകടമായി തുടങ്ങിയത്.