ന്യൂഡൽഹി: ജിഎസ്‌ടി നികുതി ഇളവുകൾ, ഉൽപാദന മേഖലയിലെ കയറ്റുമതി അധിഷ്‌ഠിത വ്യവസായങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ, തന്ത്രപരമായ വ്യാപാര കരാറുകൾ എന്നിവയിലൂടെ സമ്പദ് വ്യവസ്ഥയെ നിലവിൽ ബാധിച്ച സാമ്പത്തിക നിശ്ചലത (സ്‌റ്റാഗ്‌ഫ്ലേഷൻ) പരിഹരിക്കാമെന്ന് സാമ്പത്തിക വിദഗ്‌ദർ. ഒരേ സമയം പണപ്പെരുപ്പം ഉയരുകയും ജിഡിപി വളർച്ച കുറയുകയും ചെയ്യുന്ന സാമ്പത്തിക നിശ്ചലത (സ്‌റ്റാഗ്‌ഫ്ലേഷൻ) എന്ന സാമ്പത്തിക പ്രവണതയാണ് ഇന്ത്യ നേരിടുന്നതെന്നും സാമ്പത്തിക വിദഗ്‌ദർ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ മാക്രോ-ഇക്കണോമിക് സൂചകങ്ങൾ അനുസരിച്ച്, ഉപഭോഗം, ഉൽപാദനം, കൃഷി, ഖനന പ്രവർത്തനങ്ങൾ എന്നിവ കുറഞ്ഞതോടൊപ്പം, 2019-20 രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 4.5 ശതമാനമായി കുറഞ്ഞു. ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളർച്ചാ നിരക്കാണിത്. ഡിമാൻഡിലുണ്ടായ കുറവ്, ഉയർന്ന നികുതി, കുറഞ്ഞ തൊഴിലവസരങ്ങൾ, നിശ്ചലമായ വേതനം, ഗ്രാമീണ മേഖലയിലെ പ്രതിസന്ധി എന്നിവ സമ്പദ് വ്യവസ്ഥയുടെ മെല്ലെപോക്കിലേക്ക് നയിച്ചെന്ന് സാമ്പത്തിക നിരീക്ഷകർ കുറ്റപ്പെടുത്തി.
വാഹന വിപണി, ഈടുള്ള ഉപഭോഗ വസ്‌തുക്കൾ(കൺസ്യൂമർ ഡ്യൂറബിൾസ്), മൂലധന വസ്‌തുക്കൾ(ക്യാപിറ്റൽ ഗുഡ്‌സ്) തുടങ്ങിയ മേഖലകൾ മാന്ദ്യം മൂലം കടുത്ത സമ്മർദ്ദത്തിലാണ്. കൂടാതെ, മന്ദഗതിയിലുള്ള വളർച്ചാ നിരക്കും, ഭക്ഷ്യവസ്‌തുക്കളുടെ പ്രത്യേകിച്ച് പച്ചക്കറികളുടേയും പയർവർഗ്ഗങ്ങളുടേയും വില ഉയർന്നത് മൂലം ചില്ലറ പണപ്പെരുപ്പത്തിൽ ഉണ്ടായ വർധന എന്നിവ സാമ്പത്തിക നിശ്ചലാവസ്ഥയിലേക്ക് നയിച്ചു.
പ്രത്യക്ഷ നികുതി നിരക്കിലും ജിഎസ്‌ടി നിരക്കിലുമുള്ള ഇളവ്, യുഎസും യുകെയുമായുള്ള തന്ത്രപരമായ വ്യാപാര കരാറുകൾ എന്നിവ ഇപ്പോൾ സമ്പദ് വ്യവസ്‌ഥ നേരിടുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാൻ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്‌ദർ പറഞ്ഞു.
കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചെങ്കിലും സ്വകാര്യ ഉപഭോഗവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണ്.
കേന്ദ്ര വരുമാന വളർച്ച കുറവായതിനാൽ കേന്ദ്രതലത്തിലും സംസ്‌ഥാന തലത്തിലും ചെലവഴിക്കാൻ സാമ്പത്തിക പരിമിതകളുണ്ടെന്നും ബ്രിക്ക് വർക്ക് റേറ്റിംഗിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് എം. ഗോവിന്ദ റാവു പറഞ്ഞു. ഓഹരി വിറ്റഴിക്കൽ വഴി വരുമാന, മൂലധന ചെലവ് വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നടപടിയെന്നും ഗോവിന്ദ റാവു കൂട്ടിച്ചേർത്തു. വായ്‌പാ പ്രശ്‌നങ്ങൾ, വ്യാപാര ആത്മവിശ്വാസം, മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത എന്നിവ സർക്കാർ നിയന്ത്രിക്കണമെന്ന് എഡൽവെയ്‌സ് സെക്യൂരിറ്റീസ് ഇക്കണോമിസ്‌റ്റ് മാധവി അറോറ പറഞ്ഞു.
ആഭ്യന്തര ഡിമാന്‍റിന്‍റെ പുനരുജ്ജീവനമാണ് സ്‌തംഭനാവസ്ഥയിലെ സമ്മർദ്ദങ്ങൾ നികത്തുന്നതിനുള്ള പരിഹാരം. ഈ ഘട്ടത്തിൽ പണ നയങ്ങളുടെ ഫലപ്രാപ്‌തി പരിമിതമാണെന്നതിനാൽ ആഭ്യന്തര ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ധനനയ നടപടികൾ സർക്കാർ പരിഗണിക്കേണ്ടതുണ്ട്.പൊതുനിക്ഷേപം തുടരുന്നതിനൊപ്പം ഡിമാന്‍റ് വർധിച്ചാൽ അത് സ്വകാര്യമേഖലയിലെ നിക്ഷേപം, തൊഴിൽ നിരക്ക്, ശക്തമായ ഡിമാൻഡ് എന്നിവ വർധിക്കാൻ സഹായിക്കുമെന്ന് അക്യൂട്ട് റേറ്റിംഗും റിസർച്ചിന്‍റെ ലീഡ് ഇക്കണോമിസ്‌റ്റ് കരൺ മെഹ്രിഷി അഭിപ്രായപ്പെട്ടു.