ന്യൂഡൽഹി:ലോകത്തെ ഏറ്റവും ശക്തരായ നൂറ് സ്ത്രീകളുടെ പട്ടിക ഫോബ്‌സ് മാഗസിൻ പുറത്തിറക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 34-ാം സ്ഥാനത്താണ്. ധനമന്ത്രിയുൾപ്പടെ ഇന്ത്യയിൽ നിന്നുള്ള മൂന്ന് സ്ത്രീകൾ പട്ടികയിൽ ഇടംനേടി.
എച്ച്സിഎൽ കോർപ്പറേഷൻ സിഇഒ റോഷ്‌നി നാടർ മൽഹോത്ര 54-ാം സ്ഥാനത്തും ബയോകോൺ മേധാവി കിരൺ മസുദാർ ഷാ 65-ാം സ്ഥാനത്തും എത്തി.
ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. തുടർച്ചയായ ആറാം വർഷമാണ് ആംഗല മെർക്കൽ ഒന്നാം സ്ഥാനത്തെത്തുന്നത്.
യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്‍റ് ക്രിസ്‌റ്റിൻ ലഗാർഡ് രണ്ടാം സ്ഥാനത്തും യുഎസ് ജനപ്രതിനിധി സഭയുടെ സ്‌പീക്കറായ നാൻസി പെലോസി മൂന്നാം സ്ഥാനത്തുമാണ്.
പട്ടികയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 29-ാം സ്ഥാനത്താണ്. 2004 മുതലാണ് ലോകത്തെ ശക്തരായ 100 സ്ത്രീകളുടെ പട്ടിക ഫോബ്‌സ് പുറത്തിറക്കാൻ തുടങ്ങിയത്.