ന്യൂഡൽഹി: കൊവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സമ്പദ് വ്യവസ്ഥയെ പുറത്തുകൊണ്ട് വരാൻ ആർബിഐയുടെ ധന നയങ്ങൾ (monetary policy) കൊണ്ട് മാത്രം സാധ്യമാകില്ലെന്ന് എസ്‌ബിഐ ഇക്കോറാപ്പ് റിപ്പോർട്ട്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും രൂപയുടെ മൂല്യം പിടിച്ചുനിർത്തുന്നതിനും കേന്ദ്ര ബാങ്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും റിപ്പോർട്ട് പറയുന്നു.
സർക്കാരിന്‍റെ ധനനയങ്ങളാണ് (fiscal policy) വളർച്ച സാധ്യതകൾ തീരുമാനിക്കുകയെന്നും എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് വ്യാപനം സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗത കുറച്ചു.
ഈ അവസ്ഥ സർക്കാരിന്‍റെ പ്രവർത്തനങ്ങളെയും ബാധിക്കും. അതുകൊണ്ട് തന്നെ കേന്ദ്ര ബാങ്കിന് ഉപരി സർക്കാരിന്‍റെ ധന നയങ്ങൾക്കാണ് വിപണിയിൽ വളർച്ചയും ആത്മവിശ്വാസവും കൊണ്ടുവരാൻ കഴിയുകയെന്നും സൗമ്യ കാന്തി ഘോഷ് അഭിപ്രായപ്പെടുന്നു.
വാക്‌സിനേഷഷൻ; സർക്കാരിന് 13,851 കോടി രൂപയുടെ അധിക ബാധ്യത
നിലവിലെ സാഹചര്യത്തിൽ എക്സൈസ് വരുമാനം 3.35 ലക്ഷം കോടി രൂപയായി ഉയർത്തുന്നതിന് കേന്ദ്രം കൂടുതൽ പരിശ്രമിക്കേണ്ടി വരും. പെട്രോൾ, ഡീസൽ വില വർധന ഇതേ രീതിയിൽ തുടരുകയാണെങ്കിൽ എക്‌സൈസ് വരുമാനത്തിൽ 76,339 കോടി രൂപയുടെ വർധനവ് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.