ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ(2021-22) ഇന്ത്യയുടെ വളർച്ചാ നിരക്ക് 9.5 ശതമാനമായി കുറയുമെന്ന് ഗ്ലോബൽ റേറ്റിംഗ് ഏജൻസിയായ എസ്&പി. നേരത്തെ ഇക്കാലയളവിൽ ഇന്ത്യ 11 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നായിരുന്നു എസ്&പിയുടെ പ്രവചനം. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ, മെയ് മാസങ്ങളിൽ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ ലോക്ക്ഡൗണുകളാണ് വളർച്ചാ നിരക്ക് കുത്തനെ കുറയാൻ കാരണമെന്ന് ഏജൻസി അറിയിച്ചു.
Also Read: മേക്ക് ഇൻ ഇന്ത്യ: 1750 എഫ്ഐസിവിയും 350 ലൈറ്റ് ടാങ്കുകളും വാങ്ങാനൊരുങ്ങി ഇന്ത്യൻ ആർമി
കൊവിഡ് ഏൽപ്പിച്ച ആഘാതം കുറച്ച് വർഷങ്ങൾ കൂടി സാമ്പത്തിക മേഖലയിൽ പ്രതിഫലിക്കും. 2023 മാർച്ചിൽ അവസാനിക്കുന്ന അടുത്ത സാമ്പത്തിക വർഷം വളർച്ചാ നിരക്ക് 7.8 ശതമാനം ആയി കുറയുമെന്നും എസ്&പി പറയുന്നു. രാജ്യത്തെ 15 ശതമാനം ജനങ്ങൾക്ക് മാത്രമാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ ഒരു ഡോസെങ്കിലും ലഭിച്ചത്. അതിനാൽ ഇനിയൊരു കൊവിഡ് തരംഗം ഉണ്ടായാൽ അതിവന്‍റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും ഏജൻസി വിലയിരുത്തി.
വീണ്ടെടുക്കലിന്‍റെ വേഗത കുറയും
2020നെ അപേക്ഷിച്ച് ഈ വർഷം കയറ്റുമതി ത്വരിതപ്പെട്ടെങ്കിലും കൊവിഡ് പ്രതിസന്ധി സേവനങ്ങളുടെ ഒഴുക്കിനെ തടഞ്ഞു. വാഹന വിൽപ്പന പോലുള്ള ഉപഭോഗ സൂചകങ്ങൾ 2021 മെയ് മാസത്തിൽ കുത്തനെ ഇടിഞ്ഞു. രണ്ടാം തരംഗം ഉപഭോക്തൃ ആത്മവിശ്വാസത്തെയും ബാധിച്ചു. കൊവിഡ് കേസുകൾ കുറയുന്ന മുറയ്‌ക്ക് സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കൽ 2020ന്‍റെ അവസാനത്തിലും 2021ന്‍റെ തുടക്കത്തിലും ഉണ്ടായതിനെക്കാൾ കുറഞ്ഞ വേഗത്തിലാകുമെന്നും ഏജൻസി പറയുന്നു.