മുംബൈ: ഡോളറിനെതിരെ രൂപ ഒമ്പത് മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്കായ 75.05 ലെത്തി. തുടർച്ചയായ ആറ് ഘട്ടങ്ങളിലും മൂല്യം ഇടിഞ്ഞാണ് രൂപ 75.05ൽ എത്തിയത്. കഴിഞ്ഞ വർഷം ജൂലൈ 16ന് ശേഷമുള്ള ഏറ്റവും ദുർബലമായ നിരക്കാണിത്. കൊവിഡ് വ്യാപനത്തെ തുടർന്ന് നിക്ഷേപകര്‍ ഓഹരികളും ബോണ്ടുകളും വ്യാപകമായി വിറ്റഴിക്കാൻ തുടങ്ങിയതാണ് രൂപയുടെ മൂല്യം കുറയാൻ കാരണം. ഇന്ന് ഡോളറിന് 74.97 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് 74.78ലേക്ക് എത്തുകയും വീണ്ടും 75.14 ഉയർന്ന് ഒടുവിൽ 75.05ൽ വ്യാപാരം അവസാനിപ്പിക്കുകയുമായിരുന്നു.
റിസർവ് ബാങ്ക് അപ്രതീക്ഷിതമായി ജി-സാപ് അക്യൂസിഷൻ പ്രോഗ്രാം പ്രഖ്യാപിച്ചപ്പോൾ തന്നെ രൂപയുടെ മൂല്യം 2 ശതമാനം തകർന്നിരുന്നു. സർക്കാർ അസാധാരണ പ്രതിസന്ധി നേരിടുമ്പോൾ വിപണിയിലെ ഓഹരികളും മറ്റും കേന്ദ്രബാങ്ക് വാങ്ങുന്ന രീതിയാണിത്( ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങ്-ഇക്യൂ). ആർബിഐയുടെ ആദ്യ ലേലം ഏപ്രിൽ 15ന് നടക്കും. ആദ്യഘട്ടത്തിൽ 25,000 കോടി രൂപയുടെ വാങ്ങലാണ് നടത്തുക. ജി-സാപിന് വേണ്ടി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ രൂപയുടെ മൂല്യം വീണ്ടും ഇടിയാനാണ് സാധ്യത.