കേരളം

kerala

ETV Bharat / business

പ്രകൃതി ദുരന്തങ്ങൾക്കും മഹാമാരികൾക്കുമെതിരായ കേരളത്തിന്‍റെ പോരാട്ടത്തിന് ലോക ബാങ്കിന്‍റെ സഹായം - കേരളത്തിന് ലോക ബാങ്കിന്‍റെ സഹായം

കേന്ദ്ര-സംസ്ഥാന സർക്കാരുകളും ലോക ബാങ്കും ചേർന്നാണ് പദ്ധതിയിൽ ഒപ്പുവെച്ചത്.

resilient kerala development policy  world bank  $125 million project with kerala govt  DPO  കേരളത്തിന് ലോക ബാങ്കിന്‍റെ സഹായം  പ്രകൃതി ദുരന്തങ്ങൾ
പ്രകൃതി ദുരന്തങ്ങൾക്കും മഹാമാരികൾക്കുമെതിരായ കേരളത്തിന്‍റെ പോരാട്ടത്തിന് ലോക ബാങ്കിന്‍റെ സഹായം

By

Published : Jul 21, 2021, 5:33 PM IST

പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനങ്ങൾ, പകർച്ചവ്യാധികൾ എന്നിവയ്‌ക്കെതിരായ കേരളത്തിന്‍റെ പോരാട്ടങ്ങൾക്ക് പിന്തുണയുമായി ലോകബാങ്ക്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും ലോക ബാങ്കും ചേർന്ന് 125 മില്യൺ ഡോളറിന്‍റെ വായ്‌പ പദ്ധതിയിലാണ് ഒപ്പുവച്ചത്. രണ്ട് സുപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാകും പദ്ധതികൾ നടപ്പാക്കുക.

Also Read: ഒബിസി ക്രീമിലയർ പരിധി കേന്ദ്രം ഉയർത്തിയേക്കും

പഞ്ചായത്ത്-നഗരസഭ തലത്തിൽ ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്‌ത് സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുകയാണ് ആദ്യം ചെയ്യുക. രണ്ടാമതായി, ആരോഗ്യം, ജലവിഭവം, കൃഷി, റോഡ് തുടങ്ങിയ മേഖലകളെ ദുരന്തങ്ങൾ അതിജീവിക്കുന്ന രീതിയിൽ പുനസൃഷ്ടിക്കുകയാണ് പദ്ധതി.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

ഉയർന്ന കട ബാധ്യത കേരളത്തിന്‍റെ അപ്രതീക്ഷിത ആഘാതങ്ങൾ നേരിടാനുള്ള കഴിവിനെ സാരമായി ബാധിക്കുന്നുണ്ട്. ഇത് മറികടക്കാൻ ധനകാര്യ വകുപ്പിൽ ഒരു ഡെബ്റ്റ് മാനേജ്‌മെന്‍റ് യൂണിറ്റ് സ്ഥാപിക്കും. ഭാവിയിലെ ദുരന്തങ്ങൾ നേരിടാൻ നഗരങ്ങളിൽ മാസ്റ്റർ പ്ലാനിങ്, മൾട്ടി-ഇൻവെസ്റ്റ്‌മെന്‍റ് ബജറ്റിങ്, എമർജൻസി മാനേജ്‌മെന്‍റ് എന്നിങ്ങനെയുള്ള കേരളത്തിന്‍റെ ശ്രമങ്ങളെ പദ്ധതി പിന്തുണയ്‌ക്കും.

പ്രകൃതി ദുരന്തങ്ങൾ ബാധിക്കാൻ സാധ്യതയുള്ള കുടുംബങ്ങളുടെ ഡേറ്റാ ബേസ് തയ്യാറാക്കുകയും വിള ഇൻഷുറൻസ് സംവിധാനം പരിഷ്കരിക്കുയും പദ്ധതിയുടെ ഭാഗമാണ്. 2018ലെ പ്രളയം പ്രധാനമായും പമ്പ നദീതീരത്തെയാണ് ഏറ്റവും അധികം ബാധിച്ചത്. അതുകൊണ്ട് തന്നെ പദ്ധതിയിൽ പമ്പ നദി ഒഴുകുന്ന ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പ്രത്യേക സമീപനം പരീക്ഷിക്കും. പമ്പ നദിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കും.

Also Read: പെർഫ്യും കിട്ടിയതിൽ സന്തോഷം; വൈറലായി ജെആർഡി ടാറ്റയ്ക്ക് ഇന്ദിര ഗാന്ധി എഴുതിയ കത്ത്

പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ള രീതിയിൽ 400 കിലോമീറ്ററോളം റോഡ് നവീകരിക്കും. കൃഷി സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കാനായി അഗ്രോ-ഇക്കോളജിക്കൽ സോണിങ്ങ് നടത്തും. ഒരു ഐടി അധിഷ്ടിത ആരോഗ്യ പ്ലാറ്റ്‌ഫോം സ്ഥാപിക്കും. ഭാവിയിൽ ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകളെ ഏകോപിപ്പിക്കുകയാണ് പ്ലാറ്റ്‌ഫോമിന്‍റെ ലക്ഷ്യം.

വായ്‌പാ കാലാവധി 14 വർഷം

സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി നയങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ ആവശ്യമാണ്. ഇതിന് പുതിയ പദ്ധതി സഹായിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. സംസ്ഥാനത്തിന്‍റെ സുസ്ഥിര വികസനത്തിന് പദ്ധതി ഉറപ്പാക്കും. ആദ്യമായല്ല സംസ്ഥാനത്തെ ഇത്തരം ഒരു പദ്ധതിയുമായി ലോക ബാങ്ക് സഹകരിക്കുന്നത്.

2019 ജൂണിൽ ആണ് ആദ്യത്തെ റീസലിയന്‍റ് കേരള വികസന നയ പ്രവർത്തനത്തിന് (Resilient Kerala Development Policy Operation [DPO] ) അംഗീകാരം ലഭിച്ചത്. ഈ പദ്ധതിയാണ് ജലസ്രോതസുകളെ സംരക്ഷിച്ച് നിർത്താൻ റിവർ ബേസിൻ കൺസർവേഷൻ ആന്‍റ് മാനേജ്മെന്‍റ് ആക്റ്റ് തയ്യാറാക്കാൻ സംസ്ഥാനത്തെ സഹായിച്ചത്. 14 വർഷമാണ് വായ്‌പയുടെ കാലാവധി. എന്നാൽ പദ്ധതി തുടങ്ങി ആറു വർഷത്തിന് ശേഷം അടയ്‌ക്കാൻ തുടങ്ങിയാൽ മതി.

ABOUT THE AUTHOR

...view details