മുംബൈ : പണപ്പെരുപ്പ ആശങ്കകൾക്കിടെ അടുത്ത ദ്വിമാസ സാമ്പത്തിക നയത്തിൽ റിസർവ് ബാങ്ക് പ്രധാന നിരക്കുകളിൽ തൽസ്ഥിതി നിലനിർത്താൻ സാധ്യത. 2022- 23ലെ ബജറ്റിന് ശേഷമുള്ള ആദ്യത്തെ ദ്വിമാസ സാമ്പത്തിക നയമാണിത്. എന്നാൽ ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി ലിക്വിഡിറ്റി നോർമലൈസേഷൻ പ്രക്രിയയുടെ ഭാഗമായി 'അക്കമോഡറ്റീവ്' എന്ന നയത്തില്‍ നിന്ന് 'ന്യൂട്രൽ' ആയി മാറാന്‍ ഇടയുണ്ടെന്നും റിവേഴ്‌സ്-റിപ്പോ നിരക്ക് മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
തിങ്കളാഴ്ച ആരംഭിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ ചർച്ചകളുടെ അവസാന ദിവസമായ ബുധനാഴ്‌ചയാണ് ദ്വിമാസ ധനനയം പ്രഖ്യാപിക്കുക. ബജറ്റ് അനുസരിച്ചുള്ള വളർച്ചയെക്കുറിച്ചുള്ള ഉറപ്പും പ്രധാനമായും ക്രൂഡ് ഓയിൽ മൂലം പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോൾ റിവേഴ്‌സ് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് വർധിപ്പിച്ച് ആർബിഐ സാധാരണവത്കരണ പ്രക്രിയ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്‌നാവിസ് പറഞ്ഞു.
Also Read: പഞ്ചാബില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറുന്നു ; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തി പ്രചാരണം
ഈ വർഷം റിപ്പോ നിരക്കിൽ മാറ്റമൊന്നും ഉണ്ടാകില്ലെങ്കിലും അടുത്ത വർഷം 50 ബേസിസ് പോയിന്‍റ് വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ചാനിരക്കിൽ നേരിയ കുറവുണ്ടാകുമെന്നും സബ്‌നാവിസ് കൂട്ടിച്ചേർത്തു.
ആഗോള പണപ്പെരുപ്പ സമ്മർദങ്ങൾ, ആഗോള സെൻട്രൽ ബാങ്കുകളുടെ സാമ്പത്തിക നയങ്ങൾ കർക്കശമാക്കൽ, ഉയർന്ന എണ്ണവില, ആഭ്യന്തര പണപ്പെരുപ്പം, ആഭ്യന്തര ആദായത്തിലെ കുത്തനെയുള്ള വർധന എന്നിവയ്‌ക്കിടയിലും മോണിറ്ററി പോളിസി കമ്മിറ്റിക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് കൺസ്യൂമർ ബാങ്കിങ് ഗ്രൂപ്പ് പ്രസിഡന്റ് ശാന്തി ഏകാംബരം പറഞ്ഞു.
2021 ഡിസംബറിൽ നടന്ന അവസാന മോണിറ്ററി പോളിസി കമ്മിറ്റിയിൽ പലിശ നിരക്ക് 4 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. തുടർച്ചയായി ഒമ്പതാം തവണയാണ് ആർബിഐ വായ്‌പ നയത്തിൽ മാറ്റം വരുത്താതിരിക്കുന്നത്.