കേരളം

kerala

By

Published : Jan 28, 2020, 3:02 PM IST

Updated : Jan 28, 2020, 3:21 PM IST

ETV Bharat / business

സർക്കാരിന്‍റെ ചെലവ് വർധന: എന്ത് വില കൊടുത്ത്?

ന്യൂഡൽഹി ആസ്ഥാനമായുള്ള മാക്രോ ഇക്കണോമിസ്‌റ്റായ രേണു കോഹ്‌ലിയുടെ ലേഖനം

Raising government spending: At what cost?
സർക്കാരിന്‍റെ ചെലവ് വർധന: രേണു കോഹ്‌ലി

ഹൈദരാബാദ്: അമിതമായ വായ്‌പയെടുക്കൽ നയം സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ ബാധിക്കും. സാമ്പത്തിക വളർച്ച ഈ വർഷം 5 ശതമാനത്തിലധികം കുറയുന്ന സാഹചര്യത്തിൽ കാര്യക്ഷമമായി വിഭവ ഉപയോഗവും ചെലവ് പുനക്രമീകരിക്കലുമാണ് പരിഹാരം. ആവശ്യകതയിലുണ്ടാകുന്ന ഗണ്യമായ കുറവ് മൂലം ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റിൽ സർക്കാർ ചെലവുകൾ വർധിപ്പിക്കണമെന്ന ആവശ്യം പല ഭാഗത്തുനിന്നുമുയരുന്നുണ്ട്.

2017-18 ന് ശേഷം മൂന്നാമത്തെ വർഷമാണ് വളർച്ച ഇടിയുന്നത്. ആറ് വർഷം മുമ്പുള്ള (2012-13) മാന്ദ്യത്തിൽ നിന്ന് വ്യത്യസ്‌തമായി യഥാർത്ഥ ജിഡിപി വളർച്ചയിൽ 1.8 ശതമാനം കുറവിലേക്ക് നയിച്ച ഈ വർഷത്തെ മാന്ദ്യം ഉപഭോഗത്തേയും സ്വാധീനിച്ചു. വ്യാപാര മേഖലയിലെ ശുഭാപ്‌തി വിശ്വാസം നഷ്‌ടപ്പെട്ട് തുടങ്ങി. ഭാവിയിലെ വരുമാന വർധനവിനെക്കുറിച്ച് പ്രതീക്ഷകളില്ലാത്ത ഉപഭോക്താക്കളിലും നിരാശ മാത്രമാണ്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാരിനുമേൽ സമ്മർദ്ദം രൂക്ഷമാണ്. ധനപരമായ ഉത്തേജനം വഴി സമ്പദ്‌വ്യവസ്ഥയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ മറ്റൊരു കൂട്ടർ ഇത്തരത്തിൽ ചെലവ് വർധിപ്പിക്കുന്നതല്ല ഇന്ത്യ ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പ്രതിവിധിയെന്നും വാദിക്കുന്നു.

പൊതുചെലവ് വർധിപ്പിച്ചാൽ സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമായി വളർച്ചയിലേക്ക് ഉയർത്താൻ കഴിയുമോ?

ഈ ചോദ്യത്തിന് എളുപ്പത്തിൽ, മതിയായ ഒരു ഉത്തരമില്ല. മൊത്തം സമ്പദ്‌വ്യവസ്ഥ എന്നാൽ ചലിക്കുന്ന പല മേഖലളുടെയും ആകെത്തുകയാണ്. ഈ മേഖലകൾ എല്ലാം ഒരുപോലെ വളരുകയും ഇടിയുകയും ചെയ്യാറില്ല. ഏതെങ്കിലും മേഖല ഒരു സാമ്പത്തിക ഉത്തേജനത്തോട് ക്രിയാത്മകമായി പ്രതികരിക്കുമ്പോൾ മറ്റൊരു മേഖലയുടെ ഇടിവിന് ഇത് കാരണമാകാം. അതിനാൽത്തന്നെ, കർഷകർക്ക് പിഎം-കിസാൻ പദ്ധതിയിലൂടെ കൂടുതൽ പണം ലഭ്യമായാൽ മൊത്തം ആവശ്യകത(ഡിമാന്‍റ്), ജിഡിപി എന്നിവ ക്രിയാത്മകമായി പ്രതികരിക്കും. കാരണം ദരിദ്ര വിഭാഗങ്ങൾക്ക് സമ്പന്നരെ അപേക്ഷിച്ച് വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് കൂടുതലാണ്, അവരുടെ ജനസംഖ്യ വിഹിതം ഇന്ത്യയിൽ കൂടുതലുമാണ്. എന്നാൽ ഇത് ഹ്രസ്വ (ചുരുങ്ങിയ) കാലത്തേക്കായിരിക്കും. കാരണം നിക്ഷേപം വളർന്നാൽ മാത്രമേ തൊഴിൽ, വരുമാന വളർച്ച എന്നിവ ഉണ്ടാവുകയും ഉപഭോഗം വർധിക്കുകയുള്ളൂ.

അടുത്ത കാലത്ത് ജിഡിപിയിലുണ്ടായ കുറവും ചെലവുകളിൽ ഉണ്ടായ ഗണ്യമായ വർധനയും നിരീക്ഷിച്ചാൽ, ഈ വർധനയുടെ താൽക്കാലിക സ്വഭാവം വ്യക്തമാകും: കേന്ദ്രമേഖലയിലെ പദ്ധതികളായ, ഭക്ഷണം, വളം, ഇന്ധന സബ്‌സിഡികൾ, പി‌എം-കിസാൻ, മറ്റ് കാർഷിക വില പിന്തുണ നടപടികൾ, എന്നിവക്കായി 2018 സാമ്പത്തിക വർഷത്തിൽ 35 ശതമാനത്തോളം ചെലവ് വർധിപ്പിച്ചപ്പോൾ ഈ സാമ്പത്തിക വർഷം 23 ശതമാനത്തോളം വർധിപ്പിച്ചു. എന്നിട്ടും വളർച്ച മന്ദഗതിയിലാവുകയും ഉപഭോക്തൃ ചെലവ് കുറയുകയും ചെയ്‌തു!

റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ മുതലായവ നിർമ്മിക്കുന്നതിന് സർക്കാർ കൂടുതൽ ചെലവഴിച്ചാൽ കരാറുകളും ഓർഡറുകളും വർദ്ധിക്കുന്നത് സിമൻറ്, സ്‌റ്റീൽ, മറ്റ് നിർമാണ സാമഗ്രികൾ എന്നിവയുടെ വിൽപ്പനയെ പ്രോത്സാഹിപ്പിക്കുകയും നിർമ്മാണത്തിലെ അവിദഗ്ദ്ധ ജോലികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ചെലവാക്കിയതിനേക്കാൾ വലിയ വരുമാനത്തിന് ഇത് വഴി വെക്കും. കാരണം ഇത്തരം അടിസ്ഥാന സൗകര്യ വികസന മാർഗങ്ങൾ പോലേയുള്ളവ പുതിയ സാമ്പത്തിക അവസരങ്ങൾ തുറന്നു നൽകും. നടപ്പാക്കാൻ കൂടുതൽ സമയമെടുക്കുമെങ്കിലും, ഉപഭോഗം വർധിപ്പിക്കുന്ന നയത്തെക്കാൾ നിക്ഷേപം വർധിപ്പിക്കുന്നതാണ് സുസ്ഥിരമായ നടപടി. എന്നാൽ ഇക്കാര്യത്തിലും സമീപകാലത്തെ കണക്കുകൾ മികച്ച സൂചനയല്ല നൽകുന്നത്. 2014 മുതൽ 19 വരെയുള്ള കാലയളവിൽ സർക്കാർ അടിസ്ഥാന സൗകര്യങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തി. ഇത് 2018,2019 സാമ്പത്തിക വർഷത്തിൽ 4 ട്രില്യൺ രൂപയായിരുന്നു. എന്നിട്ടും യഥാർത്ഥ ജിഡിപി വളർച്ച യഥാക്രമം 7.2 ശതമാനമായും(2017 സാമ്പത്തിക വർഷത്തിലെ 8.2 ശതമാനത്തിൽ നിന്ന്) 6.8 ശതമാനമായും കുറഞ്ഞു.

ഈ കണക്കുകൾ എളുപ്പത്തിൽ തള്ളിക്കളയാനാവില്ല, കാരണം ചെലവ് നയങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രതികരണം ലഭിക്കുന്നില്ലെങ്കിൽ, സമീപനം മാറ്റണം. നികുതികളിൽ നിന്നും നികുതിയിതര ഉറവിടങ്ങളിൽ നിന്നും സമ്പാദിക്കുന്ന പരിമിതമായ വരുമാനം മാത്രമേ സർക്കാരിനുള്ളൂ; സമ്പദ്‌ വ്യവസ്ഥയിലെ വിഭവങ്ങളുടെ അപര്യാപ്‌തതയും, പ്രതികൂലമായ സാഹചര്യങ്ങളും നിലനിൽക്കുമ്പോൾ വളർച്ച കൂട്ടാനായി കടം വർധിപ്പിക്കുന്നത് ശരിയായ പ്രവണതയല്ല. ഇന്ത്യൻ സർക്കാരിന്‍റെ ഇപ്പോഴത്തെ സ്ഥിതിയാണിത്. ധനകമ്മി(വരുമാനവും ചെലവുകളും തമ്മിലുള്ള അന്തരം) ഈ വർഷം കൂടുതലാണ്. കോർപ്പറേറ്റ് നികുതി വെട്ടിക്കുറവുകൾ മൂലം നികുതി വരുമാനം 2.6-3 ട്രില്യൺ രൂപ കുറയുമെന്നാണ് സൂചന. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി പ്രത്യക്ഷ നികുതി കുറഞ്ഞു. ഭാരത് പെട്രോളിയം, കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഷിപ്പിംഗ് കോർപ്പറേഷൻ എന്നിവയിലെ ഓഹരി വിൽപ്പന വൈകിയാൽ നികുതി ഇതര വരുമാനവും കുറയും.

ധനക്കമ്മി ജിഡിപിയുടെ 3.8-4.1 ശതമാനമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, എൻ‌എച്ച്‌എ‌ഐ, ഐ‌ആർ‌എഫ്‌സി, എഫ്‌സി‌ഐ മുതലായ പൊതുസ്ഥാപനങ്ങൾ വഴിയുള്ള സർക്കാരിന്‍റെ വെളിപ്പെടുത്താത്ത, ഓഫ്-ബജറ്റ് വായ്‌പകൾ ധനക്കമ്മിയുടെ ഭാഗമല്ല. ധനകമ്മി, പൊതു കടം എന്നിവ കുറക്കാൻ നിർദ്ദേശിക്കുന്ന എഫ്ആർബിഎം ആക്‌ട് (ധന ഉത്തരവാദിത്വ ബജറ്റ്‌ മാനേജ്‌മെന്‍റ് നിയമം, 2003) സർക്കാർ പിൻതുടരുന്നുണ്ടെങ്കിലും ബജറ്റിൽ വകയിരുത്താത്ത സർക്കാർ കടങ്ങൾ കൂടുകയാണ്. മൊത്തം പൊതു വായ്‌പകൾ ജിഡിപിയുടെ 8.5-9% വരും, ഇതിന്‍റെ ഫലമായി സർക്കാരിതര സ്ഥാപനങ്ങൾക്ക്, ഉയർന്ന പലിശനിരക്ക് നേരിടേണ്ടി വരുകയും 'ക്രൗഡിങ്ങ് ഔട്ട്’ എന്ന സാമ്പത്തിക പ്രതിഭാസത്തിലേക്ക് നയിക്കും. ഗവൺമെന്‍റിന്‍റെ അമിത ചെലവ് കാരണം സ്വകാര്യ ആവശ്യകത കുറയും!

ധന ഉത്തരവാദിത്വ ബജറ്റ്‌ മാനേജ്‌മെന്‍റ് നിയമം, ഭേദഗതി ചെയ്‌ത് സർക്കാർ ധനക്കമ്മി മിതപ്പെടുത്തണമെന്നും വാദമുണ്ട്. ധനക്കമ്മി മാത്രമല്ല പൊതു കടവും (കേന്ദ്ര-സംസ്‌ഥാന) ജിഡിപിയുടെ 70% ആണ്. നിക്ഷേപകരേയും റേറ്റിംഗ് ഏജൻസികളേയും ഇത് സ്വാധീനിക്കുന്നുണ്ട്. ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിനായി സർക്കാർ കൂടുതൽ വായ്‌പയെടുക്കണോ എന്നതാണ് ചോദ്യം. സ്വകാര്യ മേഖലയിലെ ബാങ്കുകൾ, ബാങ്കിങ്ങ് ഇതര സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ ഉൾപ്പടെ പല സ്വകാര്യ മേഖലയിലെ കടബാധ്യത നേരിടുമ്പോൾ പരിഹരിക്കാനായി സർക്കാർ കുറഞ്ഞ വായ്‌പയെടുക്കൽ നയം സ്വീകരിച്ച് മിതമായ പലിശനിരക്ക് സമ്പദ്‌വ്യവസ്ഥയിൽ നിലനിർത്തണം. അതിനാൽ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച തീരുമാനം ബാലൻസ് ഷീറ്റ് ചെലവുകളിൽ മാത്രം ഒതുങ്ങുക എന്നതാണ്. എന്നാൽപ്പോലും,സർക്കാരിന് ചെലവ് ഇനങ്ങൾ പുനഃക്രമീകരിക്കാൻ കഴിയും, ഉദാ. അനാവശ്യ സബ്‌സിഡി ചെലവുകൾ കുറച്ച് ആവശ്യകത വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കാം.

Last Updated : Jan 28, 2020, 3:21 PM IST

ABOUT THE AUTHOR

...view details