ന്യൂഡൽഹി: നീതി ആയോഗിലെ വിദഗ്‌ദർ, സാമ്പത്തിക വിദഗ്‌ദർ, യുവ സംരംഭകർ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തി. വളർച്ച പുനരുജ്ജീവിപ്പിക്കാൻ ഹ്രസ്വകാല, ദീർഘകാല നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. 2020-21 ബജറ്റിന് മുന്നോടിയായി നടന്ന രണ്ടര മണിക്കൂർ യോഗത്തിൽ, സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിന് വിദഗ്‌ദർ നിരവധി നിർദ്ദേശങ്ങൾ നൽകി. വായ്‌പ ലഭ്യത കൂട്ടുക, കയറ്റുമതി വർധന, പൊതുമേഖല ബാങ്കുകളുടെ നിയന്ത്രണം, ഉപഭോഗവും തൊഴിലവസരങ്ങളും വർധിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചതായാണ് ലഭ്യമായ വിവരം.
നീതി ആയോഗിലെ വിദഗ്‌ദരും സാമ്പത്തിക വിദഗ്‌ദരുമായി പ്രധാനമന്ത്രി ചർച്ച നടത്തി
2020-21 ബജറ്റിന് മുന്നോടിയായി നടന്ന രണ്ടര മണിക്കൂർ യോഗത്തിൽ, സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിന് വിദഗ്‌ദർ നിരവധി നിർദ്ദേശങ്ങൾ നൽകി.
ഘടനാപരമായ പരിഷ്‌കാരങ്ങൾ ആവശ്യമുള്ളതിനാൽ കുറഞ്ഞ സമയം കൊണ്ട് നടപ്പിലാക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുമെന്നും, ദീർഘകാല നിർദ്ദേശങ്ങൾ യഥാസമയം പരിഗണിക്കുമെന്നും മോദി ഉറപ്പ് നൽകി.പ്രധാനമന്ത്രി ഇന്ന് നടത്തിയ ചർച്ചയിൽ സാമ്പത്തിക വളർച്ച, സ്‌റ്റാർട്ടപ്പുകൾ, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌തുവെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ ട്വീറ്റ് ചെയ്തു.
ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ,റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരി, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ, സിഇഒ അമിതാഭ് കാന്ത്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബെക് ഡെബ്രോയിയും പങ്കെടുത്തിരുന്നു.