ന്യൂഡൽഹി / സൂറിച്ച്: സജീവമല്ലാത്ത ആറ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് അക്കൗണ്ട് ആസ്‌തികൾ അവകാശികൾ മുന്നോട്ട് വരാത്തതിനാൽ സ്വിറ്റ്സർലൻഡ് സർക്കാരിന് കൈമാറ്റം ചെയ്യും. 2015 ൽ നിഷ്ക്രിയ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ സ്വിസ് സർക്കാർ പരസ്യപ്പെടുത്തുകയും ഫണ്ടുകൾ ലഭിക്കുന്നതിന് ആവശ്യമായ തെളിവുകൾ സമർപ്പിക്കാനും അറിയിച്ചു. ഇതിൽ കുറഞ്ഞത് 10 അക്കൗണ്ടുകളെങ്കിലും ഇന്ത്യക്കാരുമായി ബന്ധപ്പെട്ടതാണ്. എന്നാൽ സ്വിസ് അധികാരികൾക്ക് ലഭ്യമായ രേഖകൾ അനുസരിച്ച് കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഇന്ത്യക്കാരനുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു സജീവമല്ലാത്ത അക്കൗണ്ടിനും ആരും ആവകാശം ഉന്നയിച്ചിട്ടില്ല. ഈ അക്കൗണ്ടുകളിൽ ചിലതിന്‍റെ കാലയളവ് അടുത്ത മാസം അവസാനിക്കുകയും മറ്റുള്ളവ 2020 അവസാനം വരെ ഉടമസ്ഥർക്ക് ക്ലെയിം ചെയ്യാൻ കഴിയുകയും ചെയ്യും. എന്നാൽ പാകിസ്ഥാൻ സ്വദേശികളുമായി ബന്ധിപ്പിച്ചിട്ടുള്ള ചില അക്കൗണ്ടുകൾ ക്ലെയിം ചെയ്യപ്പെട്ടിട്ടുണ്ട്. 2015 ഡിസംബറിൽ ആദ്യമായി പരസ്യപ്പെടുത്തിയപ്പോൾ 2,600 സജീവമല്ലാത്ത അക്കൗണ്ടുകളുണ്ടായിരുന്നു. അതിൽ ഏകദേശം 45 ദശലക്ഷം സ്വിസ് ഫ്രാങ്ക് (300 കോടിയിലധികം) 1955 മുതൽ അവകാശികളില്ലാത്തവയാണ്.
അവകാശികളില്ലാത്ത ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ട് സ്വിസ് സർക്കാരിന് കൈമാറാന്‍ നീക്കം
സ്വിസ് അധികാരികൾക്ക് ലഭ്യമായ രേഖകൾ അനുസരിച്ച് കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല.
കള്ളപ്പണം സൂക്ഷിക്കാൻ ഉപയോഗിക്കുന്നു എന്ന് ആരോപിക്കപ്പെടുന്നതിനാൽ സ്വിസ് ബാങ്ക് അക്കൗണ്ടുകൾ ഇന്ത്യയിൽ വർഷങ്ങളായി രാഷ്ട്രീയ ചർച്ചാവിഷയമാണ്. ആഗോള സമ്മർദത്തെത്തുടർന്ന്, സ്വിറ്റ്സർലൻഡ് നിയന്ത്രണ പരിശോധനക്ക് അനുമതി നൽകിയിരുന്നു. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി സാമ്പത്തിക വിവരങ്ങൾ കൈമാറുന്നതിനുള്ള കരാറുകളിലും ഏർപ്പെട്ടിട്ടുണ്ട്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനങ്ങളിൽ ഇന്ത്യക്കാർ കൈവശം വച്ചിരിക്കുന്ന അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ അടുത്തിടെ ഇന്ത്യക്ക് നൽകിയിരുന്നു. 2020 സെപ്റ്റംബറിൽ കൂടുതൽ വിവരങ്ങൾ ഇന്ത്യക്ക് കൈമാറും. സ്വിസ് നിയമപ്രകാരം 60 വർഷത്തോളം ഉപഭോക്തൃ സമ്പർക്കം ഇല്ലാത്തതും 500 സ്വിസ് ഫ്രാങ്കുകളോളം സമ്പാദ്യം ഉള്ള എല്ലാ അക്കൗണ്ടുകൾക്കും ക്ലെയിമുകൾ ക്ഷണിക്കുകയും, ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു ഗുണഭോക്താവും ന്യായമായ അഭ്യർത്ഥന സമർപ്പിച്ചിട്ടില്ലെങ്കിൽ അക്കൗണ്ട് പ്രവർത്തനരഹിതമാണെന്ന് പ്രഖ്യാപിക്കുകയും ഈ ആസ്തികൾ സ്വിസ് ഫെഡറൽ സർക്കാരിന് കൈമാറും ചെയ്യും.