കഴിഞ്ഞ വർഷം രാജ്യത്തേക്ക് 64 ബില്യണ്‍ യുഎസ് ഡോളറിന്‍റെ നേരിട്ടുള്ള വിദേശ നിക്ഷേപം എത്തിയതായി ഐക്യരാഷ്ട്ര സഭ(യുഎൻ). ആഗോള തലത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ( എഫ്‌ഡിഐ) കാര്യത്തിൽ 2021ൽ ഇന്ത്യ അഞ്ചാമതാണെന്നും യുഎൻ വേൾഡ് ഇൻവെസ്റ്റ് റിപ്പോർട്ട് 2021 പറയുന്നു.
ഐടി മേഖലയിലെ നിക്ഷേപങ്ങൾ ഗുണം ചെയ്‌തു
2019ൽ 51 ബില്യൺ ഡോളറായിരുന്നു രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം. 2020ൽ 27 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്. ഇൻഫർമേഷൻ ആന്‍റ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി (ഐസിടി) ഇൻഡസ്ട്രിയിലുണ്ടായ ഏറ്റെടുക്കലുകളാണ് ഇന്ത്യയ്ക്ക് ഗുണമായതെന്നും യുഎൻ ട്രേഡ് ആന്‍റ് ഡവലപ്മെന്‍റ് കോൺഫറൻസ് (യുഎൻസിടിഡി) തിങ്കളാഴ്‌ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
Also Read:സാംസങ്ങ് ഗാലക്‌സി എം32; ജൂണ്‍ 28 മുതൽ വില്പന
കൊവിഡ് ആഗോളതലത്തിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചറിനും സേവനങ്ങൾക്കുമുള്ള ആവശ്യം വർധിപ്പിച്ചു. ഇത് ഗ്രീൻഫീൽ നിക്ഷേപങ്ങൾ വർധിപ്പിച്ചെന്നും റിപ്പോർട്ട് പറയുന്നു.
എന്നാൽ കൊവിഡ് രണ്ടാം തരംഗം രാജ്യത്തിന്‍റെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചു. പ്രഖ്യാപിച്ച ഗ്രീൻഫീൽഡ് പദ്ധതികൾ 19 ശതമാനം ചുരുങ്ങി 24 ബില്യൺ യുഎസ് ഡോളറായി.
രണ്ടാം ലോക്ക്ഡൗണ്‍ നിക്ഷേപ ഇടിവിന് കാരണമായേക്കാം
ഏപ്രിൽ മാസം തുടങ്ങിയ ലോക്ക്ഡൗണ്‍ ഉത്പാദനം കുറയാൻ കാരണമായി. കൊവിഡ് വ്യാപനം 2021ൽ വിദേശ നിക്ഷേപങ്ങളിൽ കാര്യമായ ഇടിവ് ഉണ്ടാക്കിയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള തലത്തിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ ഒഴുക്കിനെ കൊവിഡ് സാരമായി ബാധിച്ചു.
35 ശതമാനമാണ് നിക്ഷേപത്തിൽ ഇടിവ് രേഖപ്പെടുത്തിയത്. 2019ൽ 1.5 ട്രില്യണ്‍ ഡോളറായിരുന്നത് ഒരു ട്രില്യണായി കുറഞ്ഞു. അതേസമയം ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഇടക്കാല നിക്ഷേപങ്ങൾക്ക് ശുഭാപ്തി വിശ്വാസം നൽകുന്നുണ്ട്.
വിദേശ നിക്ഷേപങ്ങൾ ദീർഘകാല വളർച്ചാപ്രവണത കാണിക്കുന്നുണ്ടെന്നും അതിനാൽ രാജ്യത്തേക്ക് നിക്ഷേപങ്ങള്‍ ആകർഷിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഐസിടി നിക്ഷേപങ്ങൾ വർധിക്കുമെന്നും യുഎൻ റിപ്പോർട്ടിലുണ്ട്.