ന്യൂഡൽഹി:2019ലെ ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യ 41 ൽ നിന്ന് 51ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇക്കണോമിക് ഇന്‍റലിജൻസ് യൂണിറ്റാണ് സൂചിക പുറത്ത് വിട്ടത്.
ഇന്ത്യയുടെ മൊത്തത്തിലുള്ള സ്കോർ 2018 ൽ 7.23ൽ നിന്നും 6.90 ആയി കുറഞ്ഞു.
165 സ്വതന്ത്ര സംസ്ഥാനങ്ങളുടേയും രണ്ട് പ്രവശ്യകളുടേയും നിലവിലെ ജനാധിപത്യ അവസ്ഥ കണക്കിലെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ, ബഹുസ്വരത, സർക്കാരിന്‍റെ പ്രവർത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്‌കാരം, പൗരസ്വാതന്ത്ര്യം, എന്നീ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യയിലെ വടക്ക്-പടിഞ്ഞാറൻ മേഖലയിൽ വിവേചനം, ന്യൂനപക്ഷങ്ങളോടുള്ള സമീപനം,വ്യക്തിഗത സ്വാതന്ത്രം നേരിട്ട വെല്ലുവിളികൾ എന്നിവ റിപ്പോർട്ടിൽ എടുത്തു പറയുന്നു. പട്ടികയിൽ നോർവേയും ഐസ്‌ലൻഡും സ്വീഡനും ഒന്നാമതെത്തി. നാലാം സ്ഥാനത്ത് ന്യൂസിലൻഡ്, ഫിൻലാൻഡ് (അഞ്ചാം സ്ഥാനം), അയർലൻഡ് (ആറാം സ്ഥാനം), ഡെൻമാർക്ക് (ഏഴാം സ്ഥാനം), കാനഡ (എട്ടാം സ്ഥാനം), ഓസ്‌ട്രേലിയ (ഒമ്പതാം സ്ഥാനം), സ്വിറ്റ്‌സർലൻഡ് (പത്താം സ്ഥാനം) എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ രാജ്യങ്ങൾ. ആഗോള റാങ്കിംഗിൽ ഉത്തര കൊറിയ 167-ാം സ്ഥാനത്താണ്
വളർന്നുവരുന്ന മറ്റ് സമ്പദ്‌വ്യവസ്ഥകളിൽ 6.86 സ്‌കോറുമായി ബ്രസീൽ 52ാം സ്ഥാനത്തും, 3.11 സ്‌കോറോടെ റഷ്യ 134-ാം സ്ഥാനത്തുമാണ്. അതേസമയം, ആഗോള പട്ടികയിൽ പാകിസ്‌താൻ 4.25 എന്ന സ്‌കോറുമായി 108-ാം സ്ഥാനത്തും, ശ്രീലങ്ക 6.27 സ്‌കോറോടെ 69-ാം സ്ഥാനത്തും ബംഗ്ലാദേശ് 5.88 സ്‌കോറുകളുമായി 80-ാം സ്ഥാനത്തുമാണ്.