ന്യൂഡൽഹി: റേറ്റിങ് ഏജൻസിയായ ഐസിആർഎ ഇന്ത്യൻ ടെലികോം വ്യവസായത്തെക്കുറിച്ചുള്ള പ്രതിവർഷ കാഴ്‌ചപ്പാട് നെഗറ്റീവ് ആയി നിലനിർത്തി. ടെലികോം വ്യവസായം നേരിടുന്ന പ്രതിസന്ധികളും ടെലികോം വകുപ്പിന് നൽകേണ്ട എജിആർ കുടിശ്ശികയും കണക്കിലെടുത്താണ് ഐസിആർഎ നെഗറ്റീവ് റേറ്റിങ് നല്‍കിയത്.
ഒക്ടോബർ ഇരുപത്തിനാലിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ക്രമീകരിച്ച മൊത്ത വരുമാന (എജിആർ) തുക സർക്കാരിന് കുടശിക അടച്ചാൽ ടെലികോം ഓപ്പറേറ്റർമാരുടെ ബാലൻസ് ഷീറ്റിനെ ഇത് സമ്മർദ്ദത്തിലാക്കുമെന്ന് ഐസിആർഎ പറഞ്ഞു. കടുത്ത മത്സരവും വിലനിർണ്ണയ സമ്മർദങ്ങളും മൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി ടെലികോം മേഖല പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
നിരന്തരമായ വില പരിഷ്‌കരണത്തിന്‍റെ ഫലമായി ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (എആർപിയു) 2017-18ൽ 124.85 രൂപയിൽ നിന്ന് 2019 മാർച്ചിൽ 71.39 രൂപയായി കുറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ( ട്രായ്) ലഭ്യമായ വിവരമനുസരിച്ച് ടെലികോം സേവന മേഖലയുടെ ക്രമീകരിച്ച മൊത്ത വരുമാനം 2018-19ൽ 1,44,681 കോടി രൂപയായിരുന്നു. 2017-18 ലെ 1,55,680 കോടി രൂപയിൽ നിന്ന് 7.06 ശതമാനം കുറവുണ്ടായി.
വ്യവസായത്തിന്‍റെ പ്രവർത്തന ചിലവ് കൂടിയത് വരുമാനം ഇടിയുന്നതിനും ലാഭം കുറയുന്നതിനും കാരണമായതായും ഉയർന്ന തോതിലുള്ള കടവും ഉയർന്നമൂലധന ആവശ്യകതകളും വ്യവസായത്തെ സാരമായി ബാധിക്കുന്നതായും ഐസിആർഎ പറഞ്ഞു. എന്നാൽ ടെലികോം ഓപ്പറേറ്റർമാർ എജിആർ സംബന്ധിച്ച് സുപ്രീംകോടതിയിൽ പുന: പരിശോധന ഹർജി നൽകിയിരുന്നു. അന്തിമ തുകകളെയും തിരിച്ചടക്കൽ കാലാവധിയും സംബന്ധിച്ച കോടതി വിധിയിലാണ് ടെലികോം വ്യവസായത്തിന്‍റെ പ്രതീക്ഷ.