കഴിഞ്ഞ രണ്ട് വർഷങ്ങളായി കുറഞ്ഞ വരുമാനവും ബിസിനസിലുണ്ടായ നഷ്‌ടം, ചികിത്സ ചെലവുകൾ എന്നിവ കാരണം പലർക്കും വ്യക്തിഗത സാമ്പത്തിക ആസൂത്രണത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടു. ജീവിതത്തിൽ സാമ്പത്തിക ആസൂത്രണം എത്രത്തോളം പ്രധാനമാണെന്ന് കൊവിഡ് മഹാമാരിയും തുടർന്നുണ്ടായ ലോക്ക്ഡൗണും നമ്മെ പഠിപ്പിച്ചു. പുതിയ സാമ്പത്തിക വർഷത്തിന് മുന്നോടിയായി എങ്ങനെ സാമ്പത്തിക ആസൂത്രണം നടത്താമെന്നും നിലവിലുള്ള സാമ്പത്തിക ആസൂത്രണത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താമെന്നും ഏഞ്ചൽ വൺ ലിമിറ്റഡ് ഡിവിപി-ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ജ്യോതി റോയ് വിശദീകരിക്കുന്നു.
ജീവിതത്തിൽ എന്തെല്ലാമാണ് നമുക്കായി കാത്തിരിക്കുന്നതെന്ന് അറിയാത്തതിനാൽ സാമ്പത്തിക ആസൂത്രണം ജീവിതത്തിൽ വളരെ പ്രധാനമാണ്. ഒരിക്കലും ചെയ്യാതിരിക്കുന്നതിലും എന്തുകൊണ്ടും നല്ലതാണ് വളരെ വൈകിയാണെങ്കിലും കാര്യങ്ങൾ ചെയ്യുന്നത്. അതിനാൽ പുതിയ സാമ്പത്തിക വർഷത്തിൽ സാമ്പത്തിക ആസൂത്രണം ചെയ്യുന്നതിനെ പറ്റി ചിന്തിച്ചുതുടങ്ങുക.
സാമ്പത്തിക ആസൂത്രണത്തിനായി ചെലവിന്‍റെയും വരുമാനത്തിന്‍റെയും പട്ടിക തയാറാക്കണം. ഇതുവരെ വരവു-ചെലവ് കണക്കുകളുടെ പട്ടിക നിങ്ങൾ തയാറാക്കിയിട്ടില്ലെങ്കിൽ എത്രയും വേഗം അത് തയാറാക്കാൻ ശ്രമിക്കുക.
സാമ്പത്തിക ആസൂത്രണം:ആദ്യം നിങ്ങളുടെ ചെലവുകൾ ആസൂത്രണം ചെയ്യുക. എത്രമാത്രം നിങ്ങൾ ചെലവഴിക്കുന്നതെന്നും എന്തിനാണ് ചെലവഴിക്കുന്നതെന്നും അറിഞ്ഞുകഴിഞ്ഞാൽ സാമ്പത്തിക അച്ചടക്കം പാലിക്കാൻ തയാറാകുക. എവിടെ ചെലവ് ചുരുക്കണമെന്ന് നിങ്ങൾക്ക് മനസിലായാൽ അത് സമ്പാദ്യം വർധിപ്പിക്കാൻ ഇടയാക്കും.
ഒരു മാസത്തിനുള്ളിൽ ഓരോ ചെലവും കണക്കാക്കുകയും അനാവശ്യ ചെലവുകൾ എന്താണെന്ന് കണ്ടെത്തുകയും ചെയ്യുക. അനാവശ്യ കാര്യങ്ങൾക്ക് പണം ചെലവാക്കാതിരിക്കുക.
വരവ്- ചെലവ് കണക്കുകൾ എഴുതാൻ ആരംഭിച്ചുവെങ്കിൽ അവ വീണ്ടും ശ്രദ്ധപൂർവം നിരീക്ഷിക്കുക. നിങ്ങളുടെ അനാവശ്യ ചെലവുകൾ നിർത്താനോ നിയന്ത്രിക്കാനോ ശ്രമിച്ചാൽ ഭാവി ആവശ്യങ്ങൾക്കായി പണം നിങ്ങൾക്ക് സ്വരൂപിക്കാൻ സാധിക്കും.