ചെറുകിട, ഇടത്തരം കച്ചവടത്തിനായി വായ്‌പ പദ്ധതി അവതരിപ്പിച്ച് ഫേസ്ബുക്ക്. വായ്‌പ ഇടപാടു സ്ഥാപനമായ ഇൻഡിഫിയുമായി ചേർന്നാണ് ഫേസ്ബുക്ക് പുതിയ മേഖലയിലേക്ക് തിരിയുന്നത്. ഫേസ്ബുക്ക് വായ്‌പ പദ്ധതി ആരംഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
Also Read: താലിബാൻ ഡിജിറ്റൽ ചരിത്രം തെരഞ്ഞേക്കാം; അക്കൗണ്ടുകൾ സുരക്ഷിതമാക്കി ഫേസ്ബുക്കും ട്വിറ്ററും
രാജ്യത്ത ഇരുന്നൂറോളം നഗരങ്ങളിലെ രജിസ്റ്റർ ചെയ്‌ത ചെറുകിട സംരംഭകർക്ക് പദ്ധതിയിലൂടെ വായ്‌പ ലഭിക്കും. എംഎസ്എംഇ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) മേഖലയിലെ വായ്‌പ വിടവ് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്‍റും എംഡിയുമായ അജിത് മോഹൻ പറഞ്ഞു.
5 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ ഫേസ്ബുക്ക് വായ്‌പയായി നൽകും. പ്രതിവർഷം 17-20 ശതമാനം വരെയായിരിക്കും പലിശ നിരക്ക്. വായ്‌പകൾക്ക് പ്രൊസസിങ് ഫീസ് ഉണ്ടായിരിക്കില്ല. പേപ്പർ നടപടികൾ പൂർത്തിയാക്കി, അഞ്ച് ദിവസത്തിനുള്ളിൽ ഇൻഡിഫി വായ്‌പ തുക നൽകും. ഭാഗീകമായോ പൂർണമായോ വനിതകൾ നടത്തുന്ന സംരംഭങ്ങൾക്ക് 0.2 ശതമാനം പലിശ ഇളവും പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.