നിക്ഷേപത്തില്‍ നിന്ന് നല്ല റിട്ടേണ്‍ ലഭിക്കുക എന്നുള്ളത് ഏവരും ആഗ്രഹിക്കുന്ന കാര്യമാണ്. ലഭ്യമായ പണവും ലക്ഷ്യവുമൊക്കെ മുന്‍നിര്‍ത്തി ഏതാണ് ഉചിതമായ നിക്ഷേപം എന്നുള്ളതില്‍ നമ്മളില്‍ പലര്‍ക്കും സംശയങ്ങളുണ്ട്. ഇത്തരത്തിലുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് പ്രമുഖ ഫിനാന്‍ഷ്യല്‍ പ്ലാനറായ തുമ്‌ന ബല്‍രാജ്.
ഒരു മാസം10,000 രൂപവരെ നിക്ഷേപിക്കാനുള്ള പദ്ധതി. നിക്ഷേപത്തിന് ഒരു വര്‍ഷം 14 ശതമാനത്തിലധികം റിട്ടേണ്‍ ലഭിക്കണമെങ്കില്‍ ഏത് സ്‌കീമിലാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപത്തിന്‍റെ കാലയളവ് എത്രയായിരിക്കണം?
ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ പലപ്പോഴും സുരക്ഷിതമായിരിക്കില്ല. നിങ്ങള്‍ക്ക് എത്രമാത്രം നിക്ഷേപത്തില്‍ റിസ്‌ക് എടുക്കാന്‍ സാധിക്കും എന്ന് പരിശോധിക്കണം. ഇക്യുറ്റി അധിഷ്‌ടിത നിക്ഷേപങ്ങളില്‍ നിന്നും പലപ്പോഴും പതിനാല് ശതമാനത്തിലധികം റിട്ടേണ്‍ ലഭിക്കാറുണ്ട്.
ഇങ്ങനെ റിട്ടേണ്‍ ലഭിക്കണമെങ്കില്‍ നിങ്ങളുടെ നിക്ഷേപ കാലയളവ് ഏഴ് മുതല്‍ പത്ത് വര്‍ഷം വരെയായിരിക്കേണ്ടതുണ്ട്. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഓഹരികളുടെ മൂല്യത്തിലെ ഏറ്റകുറച്ചിലുകള്‍ വളരെ ഉയര്‍ന്ന നിലയിലായിരിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരികളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ അവയില്‍ നിന്ന് 12 മുതല്‍ 15 ശതമാനം വരെ റിട്ടേണ്‍ പ്രതിക്ഷീക്കാവുന്നതാണ്. ഇതിന് ഏറ്റവും നല്ലത് വളരെ മികച്ച പ്രകടനം നടത്തുന്ന നല്ല രീതിയില്‍ വൈവിധ്യ വല്‍ക്കരിക്കപ്പെട്ട മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിങ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണോ ഡെബ്‌റ്റ് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണൊ നല്ലത്?
സീനിയര്‍ സിറ്റിസണ്‍ സേവിങ് സ്‌കീമില്‍ നിക്ഷേപത്തിന് 7.4ശതമാനമാണ് വാര്‍ഷിക പലിശ. ഓരോ മൂന്ന് മാസം കൂടുമ്പോഴും പലിശ ലഭിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധാരണ സ്ഥിരനിക്ഷേപവും ഡെബ്‌റ്റ് ഫണ്ടുകളും ഉയര്‍ന്ന റിട്ടേണ്‍ തരുന്ന നിക്ഷേപങ്ങളല്ല. അതുകൊണ്ട് സീനിയര്‍ സിറ്റിസണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത്‌ണ് നല്ലത്.