ന്യൂഡൽഹി:ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിനും വളർച്ച വർധിപ്പിക്കുന്നതിനുമായി വ്യക്തിഗത ആദായനികുതി നിരക്ക് കുറക്കുകയും കോർപ്പറേറ്റ് നികുതി 15 ശതമാനമാക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി ആവശ്യപ്പെട്ടു.
റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെയുമായി ബജറ്റിന് മുമ്പുള്ള കൂടിയാലോചന യോഗത്തിലാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഉപഭോഗവും നിക്ഷേപവും കൂട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശുപാർശ ചെയ്‌തത്.
ഏകീകൃത കൈവരിക്കുന്നതിന്, എല്ലാ കോർപ്പറേറ്റ് നികുതി നിരക്കുകളും 2023 വരെ മൂന്ന് വർഷ കാലയളവിൽ ഇളവുകളും ആനുകൂല്യങ്ങളും ഇല്ലാതെ 15 ശതമാനമാക്കണമെന്ന് സിഐഐ നിർദേശിച്ചു.
സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനായി സർക്കാർ സെപ്റ്റംബറിൽ കോർപറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് എല്ലാ കമ്പനികൾക്കും 22 ശതമാനമായും പുതിയ നിർമാണ യൂണിറ്റുകൾക്ക് 15 ശതമാനമായും കുറച്ചിരുന്നു. ഈ സാമ്പത്തിക വർഷം സാമ്പത്തിക വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായി കുറഞ്ഞതിനെത്തുടർന്നാണ് നികുതി നിരക്ക് കുറച്ചത്.
ഇത്തരത്തിലുള്ള മാറ്റങ്ങൾ ബജറ്റിലുണ്ടായാൽ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായികമെന്നും സിഐഐ വ്യക്തമാക്കി.