ന്യൂഡൽഹി:'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' സംരംഭവുമായി മുന്നോട്ട് പോകുന്ന കേന്ദ്രം റേഷൻ കാർഡുകൾക്കായി ഒരു അടിസ്ഥാന മാതൃക രൂപകൽപന ചെയ്തു. പുതിയ റേഷൻ കാർഡുകൾ നൽകുമ്പോൾ ഈ രീതി പിന്തുടരാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ, കേന്ദ്രസർക്കാരിന്‍റെ അഭിലാഷ പദ്ധതിയായ 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' സംരംഭം ആറ് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. 2020 ജൂൺ ഒന്നു മുതൽ രാജ്യത്തുടനീളം ഈ സൗകര്യം പ്രാബല്യത്തില്‍ വരുത്തുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.
യോഗ്യതയുള്ള ഗുണഭോക്താക്കൾക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (എൻഎഫ്‌എസ്‌എ) അവകാശമുള്ള ഭക്ഷ്യധാന്യങ്ങൾ രാജ്യത്തെ ഏത് പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും ഒറ്റ റേഷൻ കാർഡ് ഉപയോഗിച്ച് ലഭ്യമാകും. ഇതിനായി എൻഎഫ്‌എസ്‌എക്ക് കീഴിൽ അടിസ്ഥാന റേഷൻ കാർഡ് മാതൃക തയ്യാറാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങൾ ഉപയോഗിക്കുന്ന മാതൃക കണക്കിലെടുത്ത് കൂടിയാലോചിച്ച ശേഷമാണ് റേഷൻ കാർഡിനായി ഒരു അടിസ്ഥാന മാതൃക തയ്യാറാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ റേഷൻ കാർഡുകൾ നൽകാൻ സംസ്ഥാനങ്ങൾ തീരുമാനിക്കുമ്പോഴെല്ലാം ഈ പുതിയ മാതൃക ഉപയോഗിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അടിസ്ഥാന റേഷൻ കാർഡിൽ റേഷൻ കാർഡ് ഉടമയുടെ ആവശ്യമായ മിനിമം വിശദാംശങ്ങൾ ഉൾപ്പെടുന്നുള്ളൂവെന്നും സംസ്ഥാനങ്ങൾക്ക് അവരുടെ ആവശ്യമനുസരിച്ച് കൂടുതൽ വിശദാംശങ്ങൾ ചേർക്കാമെന്നും അധികൃതർ പറഞ്ഞു.
ദ്വിഭാഷാ മാതൃകയില്‍(പ്രാദേശിക ഭാഷ, ഹിന്ദി/ ഇംഗ്ലീഷ്) റേഷൻ കാർഡ് നൽകാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന റേഷൻ കാർഡിൽ 10 അക്ക നമ്പർ ഉണ്ടായിരിക്കണമെന്നും അതിൽ ആദ്യത്തെ രണ്ട് അക്കങ്ങൾ സംസ്ഥാന കോഡും അടുത്ത രണ്ട് അക്കങ്ങൾ റേഷൻ കാർഡ് നമ്പറുകളുമായിരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഔദ്യോഗിക കണക്കുകൾ പ്രകാരം എൻഎഫ്‌എസ്‌എയുടെ കീഴിൽ 75 കോടി ഗുണഭോക്താക്കളെ പദ്ധതിയിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.